കൊല്‍ക്കത്ത: ജൂണ്‍ 20 മുതല്‍ 30 വരെ ദേശീയ താരങ്ങൾക്കായി ക്യാമ്പ് സംഘടിപ്പിക്കാന്‍ ഒരുങ്ങി ടേബിൾ ടെന്നീസ് ഫെഡറേഷന്‍. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര കായിക മന്ത്രാലയത്തോട് അനുമതി തേടിയതായി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എംപി സിങ് പറഞ്ഞു. ക്യാമ്പ് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കായിക താരങ്ങളുടെ അഭിപ്രായം തേടുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് 19 പശ്ചാത്തലത്തില്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതുമായി കായിക താരങ്ങൾക്ക് സ്വമേധയാ തീരുമാനം എടുക്കാന്‍ സ്വാതന്ത്ര്യമുണ്ടാകും. പുരുഷന്‍മാർക്കും സ്‌ത്രീകൾക്കും വെവ്വേറെ ക്യാമ്പാകും ഒരുക്കുക. നിലവില്‍ പാട്യാലയിലെ സായി കേന്ദ്രത്തില്‍ ക്യാമ്പിന് വേദി ഒരുക്കാനാണ് നീക്കം നടക്കുന്നത്. കൊല്‍ക്കത്തയിലെയും സോനിപട്ടിലെയും ഡല്‍ഹിയിലെയും സായി കേന്ദ്രങ്ങളും ക്യാമ്പിനായി പരിഗണിക്കുന്നുണ്ട്.
നേരത്തെ നാലം ഘട്ട ലോക്ക് ഡൗണിന് മുന്നോടിയായി കേന്ദ്ര സർക്കാർ കായിക സമുച്ചയങ്ങളും സ്റ്റേഡിയങ്ങളും തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. പരിശീലനത്തിനായാണ് സ്റ്റേഡിയങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തുറന്ന് കൊടുത്തത്.