ബേസല്‍: സ്വിസ് ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിജയത്തുടക്കം. വനിത സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷകളായ പി.വി സിന്ധുവും സൈന നെഹ്‌വാളും ആദ്യ റൗണ്ടില്‍ അനായാസം ജയിച്ചു കയറി. വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ - എന്‍ സിക്കി റെഡ്ഡി സഖ്യം ജയംനേടിയപ്പോൾ പുരുഷ ഡബിൾസ് ജോഡികളായ എം.ആർ അർജുൻ - ധ്രുവ് കപില സഖ്യം പുറത്തായി.
ഡെന്‍മാര്‍ക്കിന്‍റെ ലൈന്‍ ഹോജ്‌മാര്‍ക്കിനെ നേരിട്ടുള്ള ഗെയിമുകളില്‍ വീഴ്ത്തിയാണ് സിന്ധു രണ്ടാം റൗണ്ടിലെത്തിയത്. സ്കോര്‍ 21-14, 21-12. രണ്ടാം റൗണ്ടിൽ ചൈനയുടെ നെസ്ലിഹാൻ യിഗിത്തിനെയാണ് സിന്ധു നേരിടുക.
വനിതാ സിംഗിള്‍സിലെ മറ്റൊരു പോരാട്ടത്തില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളും ആദ്യ റൗണ്ടില്‍ അനായാസ ജയം സ്വന്തമാക്കി. സ്പെയിനിന്‍റെ യെല്ലെ ഹോയാക്‌സിനെ നേരിട്ടുള്ള സെറ്റുകളിലാണ് സൈന തോല്‍പ്പിച്ചത്. സ്കോര്‍ 21-8, 21-13.
പുരുഷ വിഭാഗം സിംഗിള്‍സില്‍ പി കശ്യപ് ഫ്രാന്‍സിന്‍റെ എനോഗറ്റ് റോയിയെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പിച്ച് രണ്ടാം റൗണ്ടിലെത്തി. സ്കോര്‍ 21-17, 21-9. ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടത്തില്‍ മലയാളി താരം എച്ച്.എസ് പ്രണോയ് സഹതാരം സായ് പ്രണീതിനെ മറികടന്ന് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. സ്കോര്‍ 25-23, 21-16.
വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ - എന്‍. സിക്കി റെഡ്ഡി സഖ്യം ആദ്യ റൗണ്ടില്‍ അനായാസം ജയിച്ചു കയറി. ടൂര്‍ണമെന്‍റിലെ ആറാം സീഡായ ഇന്ത്യന്‍ സഖ്യം സ്വിസ് ജോഡിയായ അലൈന്‍ മുള്ളര്‍ - ജെന്‍ജീര സഖ്യത്തെ നേരിട്ടുള്ള ഗെയിമുകളില്‍ മറികടന്നാണ് മുന്നേറിയത്. 35 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ പൊന്നപ്പ - റെഡ്ഡി സംഖ്യം 21-15 21-16 എന്ന സ്‌കോറിനാണ് ജയിച്ചത്.
ALSO READ: Bahrain vs India | സൗഹൃദ മത്സരത്തിൽ ബഹറൈനെതിരെ ഇന്ത്യക്ക് തോല്‍വി
അതേസമയം, വനിതാ ഡബിള്‍സില്‍ ഓള്‍ ഇംഗ്ലണ്ട് ഓപ്പണിലെ സെമി ഫൈനലിസ്റ്റുകളായ മലയാളി താരം ട്രീസ ജോളിയും പി ഗോപീചന്ദിന്‍റെ മകള്‍ ഗായത്രി ഗോപീചന്ദും അടങ്ങുന്ന സഖ്യം ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായത് ഇന്ത്യക്ക് നിരാശയായി. തായ്‌ലന്‍ഡിന്‍റെ ജോങ്കോല്‍ഫാന്‍ - റാവിണ്ട സഖ്യത്തോട് നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ഇന്ത്യന്‍ സഖ്യം അടിയറവ് പറഞ്ഞത്. സ്കോര്‍ 21-6, 21-17.
പുരുഷ ഡബിൾസിൽ ഇന്ത്യൻ ജോഡി എം. ആർ അർജുൻ - ധ്രുവ് കപില സഖ്യം ഇന്തോനേഷ്യൻ ജോഡികളായ ഫജർ ആൽഫിയാൻ - മുഹമ്മദ് റിയാൻ അർഡിയാന്‍റോ ജോഡിയോട് 19-21 13-21 ന് തോറ്റു.