ബേസല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്) : സ്വിസ് ഓപ്പൺ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ ആദ്യ റൗണ്ട് പോരാട്ടത്തിൽ ഇന്ത്യൻ പുരുഷ ഡബിൾസ് ജോഡികളായ സാത്വിക് സായിരാജ് രങ്കിറെഡ്ഡി -ചിരാഗ് ഷെട്ടി സഖ്യത്തിന് ജയം. ഇന്തോനേഷ്യൻ ജോഡിയായ മുഹമ്മദ് ഷൊഹിബുൾ ഫിക്രി-ബഗാസ് മൗലാന സഖ്യത്തെയാണ് ഇന്ത്യന്‍ ജോഡി കീഴടക്കിയത്.
ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യം ജയം പിടിച്ചത്. ബേസലിലെ സെന്‍റ് ജേക്കബ്ഷാലെയിൽ കോർട്ട് 1ൽ കളിച്ച ഇന്ത്യൻ സഖ്യം പിന്നില്‍ നിന്നാണ് പൊരുതിക്കയറിയത്. 57 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ 17-21, 21-11, 21-18 എന്ന സ്‌കോറിനാണ് ഇന്തോനേഷ്യൻ ജോഡി കീഴടങ്ങിയത്.
അതേസമയം മിക്‌സഡ് ഡബിൾസിൽ അശ്വിനി പൊന്നപ്പ-സുമീത് റെഡ്ഡി സഖ്യം തോല്‍വി വഴങ്ങി. അഞ്ചാം സീഡായ ഫ്രാൻസിന്‍റെ തോം ജിക്വൽ-ഡെൽഫിൻ ഡെൽറൂ ജോഡിയാണ് ഇന്ത്യന്‍ താരങ്ങളെ കീഴടക്കിയത്. 33 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് ഫ്രാന്‍സ് താരങ്ങള്‍ ജയിച്ച് കയറിയത്. സ്‌കോര്‍: 13-21, 9-21.