ന്യൂഡല്‍ഹി: സാഗര്‍ റാണ കൊലക്കേസിൽ അറസ്റ്റിലായ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീൽ കുമാറിനെ ജോലിയിൽ നിന്നും ഇന്ത്യന്‍ റെയിൽവെ സസ്‌പെൻഡ് ചെയ്തു. ഇനിയൊരു അറിയിപ്പുണ്ടാകും വരെയാണ് സസ്‌പെന്‍ഷന്‍. നോര്‍ത്തേണ്‍ റെയിൽവെയിൽ സീനിയർ കമേർഷ്യൽ മാനേജറായ സുശീൽ 2015 മുതൽ ഡൽഹി സര്‍ക്കാറിന് കീഴില്‍ ഡെപ്യൂട്ടേഷനിലായിരുന്നു.
മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണയുടെ കൊലപാതകവുയി ബന്ധപ്പെട്ട് പിടിയിലായ സുശീല്‍ നിലവില്‍ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്. മെയ് നാലിനാണ് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് ഛത്രസാല്‍ സ്റ്റേഡിയത്തില്‍വെച്ച് നടന്ന കൈയാങ്കളിക്ക് പിന്നാലെയാണ് സാഗര്‍ റാണ കൊല്ലപ്പെടുന്നത്.
also read: 'താടി വളര്‍ത്തി കോലി'; പ്രഫസറോ, കബീര്‍ സിങ്ങോയെന്ന് ആരാധകര്‍
സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സുശീലിനെ 19 ദിവസത്തിന് ശേഷം പഞ്ചാബില്‍ വെച്ചാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്. അതേസമയം സുശീലിന് വധശിക്ഷ നല്‍കണമെന്നും മെഡലുകള്‍ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് സാഗര്‍ റാണയുടെ കുടുംബം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
2008ല്‍ ബീജിങ് ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വെങ്കല മെഡല്‍ സ്വന്തമാക്കിയ സുശീല്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെള്ളിമെഡലും നേടി. പിന്നാലെ ഗുസ്‌തിയില്‍ ലോക ചാമ്പ്യന്‍ഷിപ്പ് നേടാനും സുശീലിനായി.