ന്യൂഡല്‍ഹി: ഇന്ത്യയിലെ മികച്ച ഫുട്‌ബോളര്‍മാരായി സുനിൽ ഛേത്രിയും മനീഷ കല്യാണും. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനാണ് (എഐഎഫ്‌എഫ്) പ്രഖ്യാപനം നടത്തിയത്. 2021-22 സീസണിലെ പുരസ്‌കാരത്തിനായി ഇരുതാരങ്ങളേയും ദേശീയ പുരുഷ, വനിത ടീം പരിശീലകരായ ഇഗോർ സ്റ്റിമാക്, തോമസ് ഡെന്നർബി എന്നിവരാണ് നാമനിര്‍ദേശം ചെയ്‌തത്.
ഈ വർഷം ദേശീയ ടീമിനായി നാല് ഗോളുകള്‍ നേടാന്‍ ഇന്ത്യന്‍ നായകനായ ഛേത്രിക്ക് കഴിഞ്ഞിട്ടുണ്ട്. ഇതോടെ തന്‍റെ അന്താരാഷ്‌ട്ര ഗോളുകളുടെ എണ്ണം 84 ആക്കി മാറ്റാനും ഛേത്രിക്ക് കഴിഞ്ഞു. നിലവില്‍ ദേശീയ ടീമിനെ പ്രതിനിധീകരിക്കുന്ന താരങ്ങളില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും മാത്രമാണ് ഛേത്രിക്ക് മുന്നിലുള്ളത്.
ഇത് ഏഴാം തവണയും 2018ന് ശേഷം ആദ്യവുമാണ് ഛേത്രി പ്രസ്‌തുത പുരസ്‌കാരത്തിന് അര്‍ഹനാവുന്നത്. കഴിഞ്ഞ വര്‍ഷത്തെ എമേര്‍ജിങ് പ്ലെയര്‍ ഓഫ് ദി പുരസ്‌കാര ജേതാവാണ് മനീഷ. ദേശീയ ടീമിനും ക്ലബിനുമായി നടത്തിയ മിന്നും പ്രകടനമാണ് താത്തെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.
സൈപ്രസിലെ ചാമ്പ്യന്‍ ക്ലബ്ബായ അപ്പോളോണ്‍ ലേഡീസ് എഫ്‌സിയുമായി അടുത്തിടെ താരം രണ്ട് വര്‍ഷത്തെ കരാറിലെത്തിയിരുന്നു. ടീമിനായി കളത്തിലിറങ്ങുന്നതോടെ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാവാനും മിഡ്‌ഫീല്‍ഡര്‍ക്ക് കഴിയും. ഈ വര്‍ഷത്തെ എമര്‍ജിങ് താരങ്ങളായി വിക്രം പ്രതാപ് സിങ്, മാർട്ടിന തോക്‌ചോം എന്നിവരേയും എഐഎഫ്‌എഫ് പ്രഖ്യാപിച്ചിട്ടുണ്ട്.