മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ (Australian Open 2024) ചരിത്രം രചിച്ച് ഇന്ത്യയുടെ സുമിത് നാഗല്‍. പുരുഷ വിഭാഗം സിംഗിള്‍സിലെ ആദ്യ റൗണ്ട് മത്സരത്തില്‍ കസാഖിസ്ഥാന്‍റെ ലോക 27-ാം നമ്പര്‍ താരം അലക്‌സാണ്ടര്‍ ബബ്ലികിനെ തോല്‍പ്പിച്ച സുമിത് നാഗല്‍ മുന്നേറ്റമുറപ്പിച്ചു. രണ്ട് മണിക്കൂറും 38 മിനിട്ടും നീണ്ടുനിന്ന കനത്ത പോരാട്ടത്തിനൊടുവിലാണ് ലോക റാങ്കിങ്ങില്‍ 137-ാം സ്ഥാനത്തുള്ള ഇന്ത്യന്‍ താരം അലക്‌സാണ്ടര്‍ ബബ്ലികിനെ വീഴ്‌ത്തിയത്. (Sumit Nagal beats Alexander Bublik advance to round 2 in Australian Open 2024)
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സുമിത് നാഗലിന്‍റെ വിജയം. ആദ്യ രണ്ട് സെറ്റുകളും ആധിപത്യം പുലര്‍ത്തിയാണ് സുമിത് സ്വന്തമാക്കിയത്. എന്നാല്‍ മൂന്നാം സെറ്റില്‍ അലക്‌സാണ്ടര്‍ ബബ്ലിക് തിരിച്ചവരവിന് ശ്രമം നടത്തിയതോടെ പോരാട്ടവും കനത്തു. ഇരുവരും ഒപ്പത്തിനൊപ്പം പൊരുതി നില്‍ക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്.
ഒടുവില്‍ ടൈ ബ്രേക്കറില്‍ സുമിത് സെറ്റ് പിടിച്ചതോടെ മത്സരവും താരത്തിനൊപ്പം നിന്നു. ഇതാദ്യമായാണ് 26-കാരനായ സുമിത് ലോക റാങ്കിങ്ങില്‍ ആദ്യ 50-ന് ഉള്ളിലുള്ള ഒരാളോട് വിജയിക്കുന്നത്. ഇതോടെ ഗ്രാന്‍ഡ്സ്ലാം മത്സരങ്ങളുടെ ചരിത്രത്തില്‍ 35 വര്‍ഷത്തിന് ശേഷം സീഡഡ് കളിക്കാരനെ തോല്‍പ്പിക്കുന്ന ഇന്ത്യാക്കാരനാവാനും സുമിത്തിന് കഴിഞ്ഞു. നേരത്തെ 1988-ലെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇന്ത്യയുടെ ഇതിഹാസ താരം രമേശ് കൃഷ്‌ണയായിരുന്നു പ്രസ്‌തുത നേട്ടം സ്വന്തമാക്കിയത്.
അന്നത്തെ ലോക ഒന്നാം നമ്പർ താരവും ടൂര്‍ണമെന്‍റില്‍ നിലവിലെ ചാമ്പ്യനുമായെത്തിയ സ്വീഡന്‍റെ മാറ്റ്‌സ് വിലാൻഡറിനെയായിരുന്നു രമേശ് കൃഷ്‌ണന്‍ വീഴ്‌ത്തിയത്. അതേസമയം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ രണ്ടാം റൗണ്ടില്‍ പ്രവേശിക്കുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ താരം കൂടിയാണ് സുമിത്. രമേശ് കൃഷ്‌ണന്‍, വിജയ് അമൃത്‌രാജ്, ലിയന്‍ഡര്‍ പേസ്, സോംദേവ് ദേവ്‌വര്‍മന്‍ എന്നിവരാണ് നേരത്തെ പ്രസ്‌തുത നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
ഓസ്‌ട്രേലിയൻ ഓപ്പണ്‍ പുരുഷ സിംഗിൾസില്‍ മൂന്നാം റൗണ്ടാണ് ഇതേവരെയുള്ളതില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും മികച്ച നേട്ടം. അഞ്ചു തവണ ഓസ്ട്രേലിയൻ ഓപ്പണിന്‍റെ മൂന്നാം റൗണ്ടിൽ എത്താന്‍ രമേഷ് കൃഷ്‌ണന് കഴിഞ്ഞിട്ടുണ്ട്. 1983, 1984, 1987, 1988, 1989 വര്‍ഷങ്ങളിലായിരുന്നു ഇന്ത്യന്‍ ഇതിഹാസത്തിന്‍റെ തകര്‍പ്പന്‍ പ്രകടനം.
അതേസമയം 1984 എഡിഷനിലാണ് വിജയ് അമൃത്‍രാജ് ഓസ്‌ട്രേലിയന്‍ ഓപ്പണിന്‍റെ രണ്ടാം റൗണ്ടിലെത്തിയത്. 1997, 2000 എഡിഷനുകളിലായിരുന്നു ലിയാൻഡർ പേസ് രണ്ടാം റണ്ടില്‍ കളിക്കാനിറങ്ങിയത്. 2013 എഡിഷനിനാണ് സോംദേവ് ദേവ്‍വർമൻ ടൂര്‍ണമെന്‍റിന്‍റെ ആദ്യ റൗണ്ട് കടന്നത്.
ALSO READ: ബെസ്റ്റ് മെസി തന്നെ, പക്ഷേ ഇന്ത്യയില്‍ നിന്ന് ഒറ്റവോട്ടും താരത്തിനില്ല...വിവരങ്ങളിങ്ങനെ