ന്യൂഡല്‍ഹി : ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് ഫെെനലിലെ പ്രകടനം തന്‍റെ കരിയറിലെ മികച്ച ഒന്നാണെന്നും മത്സരത്തിലെ തോല്‍വിയില്‍ അമര്‍ഷമുണ്ടെന്നും ഇന്ത്യന്‍ താരം അമിത് പങ്കല്‍. പുരുഷന്മാരുടെ 52 കിലോ വിഭാഗത്തിലാണ് ഉസ്ബക്കിസ്ഥാന്‍റെ ഒളിമ്പിക് ചാമ്പ്യന്‍ ഷാക്കോബിദിന്‍ സൊയിറോവിനോട് പങ്കല്‍ തോല്‍വി വഴങ്ങിയത്.
ദുബായില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 3-2 എന്ന സ്കോറിനായിരുന്നു അമിത്തിന്‍റെ തോല്‍വി. എന്നാല്‍ രണ്ടാം റൗണ്ടില്‍ വിധി നിര്‍ണയം തെറ്റായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ റിവ്യൂ ആവശ്യപ്പെട്ടിരുന്നെങ്കിലും ജൂറി നിഷേധിച്ചിരുന്നു. '52 കിലോഗ്രാം വിഭാഗത്തിലെ എന്‍റെ ഏറ്റവും മികച്ച പ്രകടനമാണിത്. ആ ഫൈനലിൽ ഞാൻ വിജയിക്കേണ്ടതായിരുന്നു, തോല്‍വിയില്‍ അമര്‍ഷമുണ്ട്.' നിലവിലെ ഏഷ്യന്‍ ചാമ്പ്യന്‍ കൂടിയായ പങ്കല്‍ പറഞ്ഞു.
also read: 'കോലിയല്ലാതെ മറ്റാര് ?'; ഇഷ്ട താരത്തെക്കുറിച്ച് ഡേവിഡ് മില്ലര്‍
ഒളിമ്പിക്സിലെ പ്രകടനത്തിന്‍റെ സമ്മർദത്തിന് പുറമെ കൊവിഡിന്‍റെ ഉത്കണ്ഠകള്‍ ബോക്സിങ് റിങ്ങില്‍ പ്രകടമാവില്ലെന്നും താരം പറഞ്ഞു. ടോക്കിയോയില്‍ തന്‍റെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. അതേസമയം ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ പ്രതീക്ഷയായിരുന്ന മേരി കോമിനും ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു.