കൊളംബോ : ഇന്ത്യന്‍ പര്യടനത്തിനുള്ള 20 അംഗ ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ദസുന്‍ ഷനകയാണ് ടീമിന്‍റെ ക്യാപ്‌റ്റന്‍. ജനുവരി മൂന്നിന് ആരംഭിക്കുന്ന പരമ്പരയില്‍ 3 വീതം ടി20, ഏകദിന മത്സരങ്ങളാണുള്ളത്.
പരിക്കില്‍ നിന്ന് മുക്തനായ ആവിഷ്ക ഫെര്‍ണാണ്ടോ ലങ്കന്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ദിനേശ് ചണ്ഡിമലിന് പകരം യുവതാരം സദീര സമരവിക്രമ ടീമില്‍ ഇടംപിടിച്ചു. നുവാനിദു ഫെര്‍ണാണ്ടോയും നുവാന്‍ തുഷാരയുമാണ് ടീമിലെ പുതുമുഖങ്ങള്‍.
വാനിന്ദു ഹസരങ്കയാണ് ടി20 ടീമിന്‍റെ വൈസ് ക്യാപ്‌റ്റന്‍. പാതും നിസ്സാങ്ക, ഭാനുക രജപക്സെ, ധനഞ്ജയ ഡിസില്‍വ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ലങ്കന്‍ ടീമിലുണ്ട്.
ശ്രീലങ്കന്‍ ഏകദിന ടീം : ദസുൻ ഷനക (ക്യാപ്‌റ്റന്‍), പാതും നിസങ്ക, അവിഷ്‌ക ഫെർണാണ്ടോ, സദീര സമരവിക്രമ, കുശാൽ മെൻഡിസ് (വൈസ് ക്യാപ്‌റ്റന്‍), ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, വാനിന്ദു ഹസരംഗ, അഷെൻ ബണ്ഡാര, മഹീഷ് തീക്ഷണ, ചാമിക കരുണരത്‌നെ, ദിൽഷൻ മധുശങ്ക, കസുൻ രജിത, നുവാനിദു ഫെർണാണ്ടോ, ദുനിത് വെല്ലലഗെ, പ്രമോദ് മധുഷൻ, ലഹിരു കുമാര
ശ്രീലങ്കന്‍ ടി20 ടീം : ദസുൻ ഷനക (ക്യാപ്റ്റൻ), പാതും നിസങ്ക, അവിഷ്‌ക ഫെർണാണ്ടോ, സദീര സമരവിക്രമ, കുശാൽ മെൻഡിസ്, ഭാനുക രാജപക്‌സെ, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, വാനിന്ദു ഹസരംഗ (വൈസ് ക്യാപ്റ്റൻ), അഷെൻ ബണ്ഡാര, മഹീഷ് തീക്ഷണ, ചാമിക കരുണരത്നെ, ദില്‍ഷന്‍ മധുശങ്ക, കസുന്‍ രജിത, ദുനിത് വെല്ലലഗെ, പ്രമോദ് മധുഷൻ, ലഹിരു കുമാര, നുവാൻ തുഷാര
അതേസമയം ലങ്കയ്‌ക്കെതിരായ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഏകദിന ടീമിനെ രോഹിത് ശർമയും ടി20 ടീമിനെ ഹാർദിക് പാണ്ഡ്യയുമാണ് നയിക്കുക. സൂര്യകുമാർ യാദവാണ് ടി20 ടീമിന്‍റെ ഉപനായകൻ.
മലയാളി താരം സഞ്ജു സാംസണ്‍ ടി20 ടീമില്‍ ഇടം നേടിയപ്പോള്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ഇഷാന്‍ കിഷന് ഇരു ടീമുകളിലും സ്ഥാനം ലഭിച്ചപ്പോള്‍ റിഷഭ് പന്ത് പരമ്പരയില്‍ ഉള്‍പ്പെട്ടിട്ടില്ല. മുകേഷ് കുമാർ, ശിവം മാവി എന്നിവർക്ക് ആദ്യമായി ടി20 ടീമിലേക്ക് വിളിയെത്തി.
ഇഷാനെ കൂടാതെ സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദർ, യുസ്‌വേന്ദ്ര ചാഹൽ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്, ശുഭ്‌മാൻ ഗിൽ, എന്നിവർ രണ്ട് ടീമുകളിലും ഇടംപിടിച്ചു.
ഈ പരമ്പരയോട് കൂടിയാണ് ഇന്ത്യയുടെ അന്താരാഷ്‌ട്ര മത്സരങ്ങളുടെ ഹോം സീസണ്‍ ആരംഭിക്കുന്നത്. ലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം മുംബൈയിലാണ്. അഞ്ചിന് രണ്ടാം മത്സരം പൂനെയിലും പരമ്പരയിലെ അവസാന ടി20 ഏഴിന് രാജ്‌കോട്ടിലും നടക്കും.
ജനുവരി 10, 12, 15 തീയതികളിലാണ് ലങ്കയ്‌ക്കെതിരായ പരമ്പരയിലെ ഏകദിന മത്സരങ്ങള്‍. ആദ്യ മത്സരം ഗുവാഹത്തിയിലും രണ്ടാം മത്സരം കൊല്‍ക്കത്തയിലുമാണ് നടക്കുക. പരമ്പരയിലെ അവസാന മത്സരത്തിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് വേദിയാവുക.