റിയാദ് : സ്‍പാനിഷ് സൂപ്പർ കോപ്പയില്‍ റയൽ മാഡ്രിഡിന് ഫൈനല്‍. സെമിഫൈനലിൽ ബാഴ്‌സലോണയെ കീഴടക്കിയാണ് റയല്‍ ഫൈനലുറപ്പിച്ചത്. പുതുവർഷത്തിലെ ആദ്യ എൽ ക്ലാസിക്കോയില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് വിജയം.
എൽ ക്ലാസിക്കോയില്‍ തുടര്‍ച്ചയായി ബാഴ്‌സയുടെ അഞ്ചാം തോല്‍വി കൂടിയാണിത്. മത്സരത്തിന്‍റെ ആദ്യ പകുതിയുടെ 25ാം മിനിട്ടില്‍ തന്നെ മുന്നിലെത്താന്‍ റയലിനായിരുന്നു. കരീം ബെൻസിമയുടെ പാസില്‍ വിനീഷ്യസ് ജൂനിയറാണ് ലക്ഷ്യം കണ്ടത്.
എന്നാല്‍ 41ാം മിനിട്ടില്‍ ബാഴ്‌സ ഒപ്പം പിടിച്ചു. ലൂക്ക് ഡി ജോങാണ് ലക്ഷ്യം കണ്ടത്. സമനിലയില്‍ അവസാനിച്ച ആദ്യ പകുതിക്ക് ശേഷം 72ാം മിനിട്ടില്‍ ബെൻസിമ റയലിനെ വീണ്ടും മുന്നിലെത്തിച്ചു. എന്നാല്‍ 84ാം മിനിട്ടില്‍ ബാഴ്‌സയ്‌ക്കായി അന്‍സു ഫാറ്റി ഹെഡറിലൂടെ ലക്ഷ്യം കണ്ടതോടെ മത്സരം വീണ്ടും സമനിലയിലായി.
ഇതോടെ അധിക സമത്തേക്ക് നീണ്ട മത്സരത്തിന്‍റെ 97ാം മിനിട്ടിലാണ് റയലിന്‍റെ വിജയ ഗോള്‍ പിറന്നത്. വലത് വിങ്ങിലൂടെ റോഡ്രി നടത്തിയ കൗണ്ടര്‍ അറ്റാക്കാണ് ഗോളില്‍ കലാശിച്ചത്.
റോഡ്രിയില്‍ നിന്നും ഗോള്‍ മുഖത്തേക്ക് പന്ത് ലഭിച്ച ഫെഡറിക്കോ വാൽവെർഡെ അനായാസം വലകുലുക്കുകയായിരുന്നു. തിരിച്ചടിക്കാന്‍ ബാഴ്‌സ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഗോള്‍ കീപ്പര്‍ തിബോട്ട് കോർട്ടോയിസിന്‍റെ ഇരട്ട സേവുകള്‍ മത്സരം റയലിനൊപ്പം നിര്‍ത്തി.
നാളെ നടക്കുന്ന അത്‌ലറ്റിക്കോ മാഡ്രിഡ്-അത്‌ലറ്റിക് ബില്‍ബാവോ രണ്ടാം സെമിയിലെ വിജയികളാണ് ഫൈനലില്‍ റയലിന്‍റെ എതിരാളികള്‍. ഞായറാഴ്‌ചയാണ് ഫൈനല്‍.