സുഞ്ചിയോൺ : ഇന്ത്യൻ താരം പിവി സിന്ധു കൊറിയൻ ഓപ്പൺ ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പിന്‍റെ ക്വാർട്ടറിൽ പ്രവേശിച്ചു. രണ്ട് തവണ ഒളിമ്പിക്‌സ് മെഡൽ ജേതാവായ സിന്ധു ജപ്പാന്‍റെ അയാ ഒഹോരിയെ നേരിട്ടുള്ള ഗെയിമുകൾക്കാണ് തോൽപ്പിച്ചത്. രണ്ടാം റൗണ്ടിൽ തോറ്റ ലക്ഷ്യ സെൻ, മാളവിക ബൻസോദ് എന്നിവർ ചാമ്പ്യൻഷിപ്പിൽ നിന്നും പുറത്തായി.
37 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ താരം ജയം പിടിച്ചത്. സ്‌കോർ: 21-15, 21-10. ആദ്യ ഗെയിമിൽ ഒഹോരി 8-7 ന് ലീഡ് നേടിയെങ്കിലും, മികച്ച പ്രകടനത്തിലൂടെ 21-15 ന് സിന്ധു ആദ്യ സെറ്റ് നേടി. 8-4 ന്‍റെ ലീഡുമായി രണ്ടാം സെറ്റിൽ ജപ്പാൻ താരം തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും അടുത്ത 19 പോയിന്‍റിൽ 17 എണ്ണം നേടിയ ഇന്ത്യൻ താരം സെറ്റും മത്സരവും സ്വന്തം പേരിലാക്കി.
ക്വാർട്ടറിൽ തായ്‌ലൻഡ് താരം ബുസാനൻ മൂന്നാം സീഡായ ഇന്ത്യൻ താരത്തിന്‍റെ എതിരാളി. കഴിഞ്ഞ മാസം സ്വിസ് ഓപ്പൺ ഫൈനലിൽ ബുസാനൻ തോൽപ്പിച്ചാണ് സിന്ധു കിരീടം നേടിയത്. നേരത്തെ, ജർമന്‍ ഓപ്പണിലും ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിലും തുടർച്ചയായി ഫൈനലിലെത്തിയ ആറാം സീഡ് സെന്നിനെ റുസ്റ്റാവിറ്റോയാണ് പരാജയപ്പെടുത്തിയത്. 33 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ 20-22, 9-21 എന്ന സ്‌കോറിനാണ് ലോക 24-ാം നമ്പർ താരത്തിന് മുന്നിൽ അടിയറവ് പറഞ്ഞത്.
ALSO READ: കൊറിയൻ ഓപ്പണ്‍ | സാത്വിക് സായിരാജ് -ചിരാഗ് ഷെട്ടി സഖ്യം രണ്ടാം റൗണ്ടില്‍
വനിത സിംഗിൾസിൽ തായ്‌ലൻഡിന്‍റെ പോങ്ങ്പാവി ചോച്ചുവോംഗിനോട് നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെട്ടാണ് മാളവിക ബൻസോദ് പുറത്തായത്. 39 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 8-21, 14-21 നാണ് തായ്‌ലൻഡ് താരത്തിന്‍റെ ജയം.
മിക്‌സഡ് ഡബിൾസ് ജോഡികളായ സുമീത് റെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യവും പുറത്തായി. ഒരു മണിക്കൂറോളം നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിൽ 20-22, 21-18, 14-21 ന് അഞ്ചാം സീഡ് ചൈനീസ് കൂട്ടുകെട്ടായ ഔ ഷുവാൻ യി-ഹുവാങ് യാ ക്യോങ് സഖ്യത്തോട് പരാജയപ്പെട്ടു.