ഹൈദരാബാദ്: ഇന്ത്യൻ ബാഡ്‌മിന്‍റണ്‍ സൂപ്പർ താരം പിവി സിന്ധുവിന്‍റെ പരിശീലക സ്ഥാനത്ത് നിന്ന് പിന്മാറി പാർക്ക് ടെയ് സാങ്. അടുത്ത കാലത്തായി സിന്ധുവിന്‍റെ മോശം ഫോമിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് പാർക്ക് പരിശീലക സ്ഥാനത്ത് നിന്ന് പിന്മാറാൻ തീരുമാനിച്ചത്. തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പാർക്ക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പാർക്ക് ടെയ് സാങിന്‍റെ പരിശീലനത്തിന് കീഴിലാണ് സിന്ധു ഒളിമ്പിക്‌സ് വെങ്കല മെഡൽ ഉൾപ്പെടെ സ്വന്തമാക്കിയത്.
പാർക്കിന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റ്: ഹലോ, ഞാൻ ഹലോ പറഞ്ഞിട്ട് കുറച്ച് നാളായി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ ഹൈദരാബാദിൽ തിരിച്ചെത്തി. ഒപ്പം അച്ഛനെ ഓർത്ത് വിഷമിച്ച എല്ലാവരോടും ഞാൻ നന്ദി പറയുന്നു. സത്യം പറഞ്ഞാൽ എന്‍റെ അച്‌ഛന്‍റെ അവസ്ഥ ഇതുവരെ മെച്ചപ്പെട്ടിട്ടില്ല. അതിനാൽ തന്നെ ഇന്ത്യയിലേക്ക് തിരികെ നടക്കുമ്പോൾ എനിക്ക് വലിയ ഭാരം അനുഭവപ്പെട്ടു.
ഇപ്പോൾ ഒട്ടേറെപ്പേർ ചോദിച്ച പിവി സിന്ധുവുമായുള്ള ബന്ധത്തെപ്പറ്റിയാണ് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. സമീപകാലങ്ങളിൽ നടന്ന എല്ലാ മത്സരങ്ങളിലും അവൾ നിരാശാജനകമായ നീക്കങ്ങളാണ് നടത്തിയത്. ഒരു പരിശീലകനെന്ന നിലയിൽ എനിക്കും അതിൽ ഉത്തരവാദിത്തമുണ്ട്. അതിനാൽ ഇപ്പോൾ അവൾ ഒരു മാറ്റം ആഗ്രഹിക്കുന്നു. പുതിയ കോച്ചിനെ കണ്ടെത്താൻ ആഗ്രഹിക്കുന്നു.
അവളുടെ തീരുമാനത്തെ മാനിക്കാനും അനുസരിക്കാനും ഞാൻ തീരുമാനിച്ചു. അടുത്ത ഒളിമ്പിക്‌സ് വരെ അവളുടെ കൂടെ നിൽക്കാൻ പറ്റാത്തതിൽ ഖേദിക്കുന്നു. ഇപ്പോൾ ഞാൻ ദൂരെനിന്ന് അവളെ പിന്തുണയ്‌ക്കാൻ ആഗ്രഹിക്കുന്നു. അവളോടുള്ള ഓരോ നിമിഷവും ഞാൻ ഓർമിക്കും. എന്നെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എല്ലാവർക്കും നന്ദി, പാർക്ക് ടെയ് സാങ് കുറിച്ചു.
2019 മുതൽ സിന്ധുവിന്‍റെ പരിശീലകനാണ് പാർക്ക് ടെയ് സാങ്. പാർക്കിന്‍റെ കീഴിൽ സിന്ധു ബർമിംഗ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വനിത സിംഗിൾസ് സ്വർണ്ണ മെഡലും, 2020 ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കലവും, 2022 ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണവും നേടിയിരുന്നു.
തകർക്കപ്പെടാത്ത റെക്കോഡുകൾ: കൂടാതെ മൂന്ന് ബിഡബ്യുഎഫ് വേൾഡ് ടൂർ ടൈറ്റിലുകളും സയ്യിദ് മോദി ഇന്‍റർനാഷണൽ, സ്വിസ് ഓപ്പൺ, സിംഗപ്പൂർ ഓപ്പൺ എന്നിവയിലും വിജയം കൈവരിച്ചിരുന്നു. രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ സിന്ധു 2019ലാണ് ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കുന്നത്. ജപ്പാന്‍റെ നൊസോമി ഒകുഹാരയേയായിരുന്നു കലാശപ്പോരാട്ടത്തിൽ സിന്ധു കീഴടക്കിയത്.
2017 ലും 2018 ലും ഫൈനലിലെത്തിയെങ്കിലും പരാജയപ്പെട്ടതോടെ വെള്ളി കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നിരുന്നു. ലോക ചാമ്പ്യൻഷിപ്പിന്‍റെ 2013, 2014 പതിപ്പുകളിൽ സിന്ധു വെങ്കലം നേടി. 2016 ലെ റിയോ ഒളിമ്പിക്‌സിൽ സെമിഫൈനലിൽ ജപ്പാന്‍റെ നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തി ഒളിമ്പിക്‌സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ ബാഡ്‌മിന്‍റൺ താരം എന്ന നേട്ടവും സിന്ധു സ്വന്തമാക്കിയിരുന്നു.
എന്നാൽ ഫൈനലിൽ ലോക ഒന്നാം നമ്പർ താരവും രണ്ടുതവണ ലോക ചാമ്പ്യനും ആയ സ്‌പെയ്‌നിന്‍റെ കരോലിന മാരിനോട് സിന്ധു പരാജയപ്പെടുകയായിരുന്നു. എങ്കിലും ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിത താരമായി മാറാൻ സിന്ധുവിനായി.