ബാങ്കോക്ക് : തായ്‌ലന്‍ഡ് ഓപ്പൺ ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യന്‍ വനിത താരം പി.വി. സിന്ധു പുറത്തായി. സെമിയില്‍ ചൈനീസ് താരം ചെന്‍ യൂ ഫീനോട് നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു തോൽവിയറിഞ്ഞത്. 43 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ 17-21, 16-21 എന്ന സ്‌കോറിനാണ് ആറാം സീഡായ സിന്ധു പരാജയപ്പെട്ടത്.
രണ്ടാം തവണയാണ് ചൈനീസ് താരത്തിന് മുന്നിൽ സിന്ധുവിന് കാലിടറുന്നത്. 2019 ലോക ബാഡ്‌മിന്‍റൺ ടൂർ ഫൈനലിൽ സിന്ധു ചെന്നിനോട് പരാജയപ്പെട്ടിരുന്നു. തുടക്കത്തിലെ 3-3 പോരാട്ടത്തിനൊടുവിൽ ആദ്യ ഗെയിമിന്‍റെ ഇടവേളയിൽ സിന്ധു 7-11ന് പിന്നിലായിരുന്നു.
റാലികളിൽ ആധിപത്യം പുലർത്തിയ ചെൻ ഒടുവിൽ 17-21ന് ആദ്യ സെറ്റ് സ്വന്തമാക്കി. രണ്ടാം ഗെയിമിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ താരം 6-3 ന് ലീഡ് ചെയ്‌തു. ഇടവേളയ്‌ക്ക് ശേഷം ശക്‌തമായി തിരിച്ചുവന്ന ചൈനീസ് താരം 15-12 എന്ന ലീഡിലേക്ക് നീങ്ങി. ഒടുവിൽ നാല് മാച്ച് പോയിന്‍റുകൾ പിടിച്ചെടുത്ത ചെൻ 16-21 എന്ന സ്‌കോറിന് സെറ്റും മത്സരവും സ്വന്തമാക്കി.
ഈ സീണസില്‍ രണ്ട് സൂപ്പര്‍ 300 സീരീസ് കിരീടങ്ങളാണ് സിന്ധു നേടിയത്. സയ്യിദ് മോദി അന്താരാഷ്‌ട്ര കിരീടവും സ്വിസ് ഓപ്പണും. ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് സൂപ്പര്‍ 500 മത്സരമാണ് വരുന്ന ജൂണില്‍ നടക്കാനിരിക്കുന്നത്.