മെൽബണ്‍: 2026ൽ ഓസ്‌ട്രേലിയയിലെ വിക്‌ടോറിയയിൽ നടക്കുന്ന കോമണ്‍വെൽത്ത് ഗെയിംസിൽ മത്സര ഇനമായി വീണ്ടും ഷൂട്ടിങ് തിരിച്ചെത്തും. ബുധനാഴ്‌ച(ഒക്‌ടോബര്‍ 5) അനാച്ഛാദനം ചെയ്‌ത വിക്ടോറിയ 2026 കോമണ്‍വെൽത്ത് ഗെയിംസിന്‍റെ സമ്പൂർണ സ്‌പോർട്‌സ് പ്രോഗ്രാമിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്. എന്നാൽ ഇന്ത്യയുടെ മറ്റ് രണ്ട് പ്രധാന ഇനങ്ങളായ ഗുസ്‌തിയും അമ്പെയ്‌ത്തും അടുത്ത കോമണ്‍വെൽത്ത് ഗെയിംസിലും ഉണ്ടാകില്ല.
ഈ വർഷമാദ്യം ബർമിങ്‌ഹാം കോമണ്‍വെൽത്ത് ഗെയിംസിൽ നിന്ന് വിവാദപരമായി ഒഴിവാക്കിയ ഷൂട്ടിങിന്‍റെ തിരിച്ചുവരവ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം മെഡൽ വാരിക്കൂട്ടാനുള്ള അവസരം കൂടിയാണ്. ഇന്ത്യയെ സംബന്ധിച്ച് ഏറ്റവുമധികം മെഡലുകൾ വാരിക്കൂട്ടുന്ന കായിക ഇനമാണ് ഷൂട്ടിങ്. കോമണ്‍വെൽത്ത് ഗെയിംസിൽ ഇതുവരെ 63 സ്വർണം, 44 വെള്ളി, 28 വെങ്കലം എന്നിവയുൾപ്പെടെ 135 മെഡലുകളാണ് ഇന്ത്യ ഷൂട്ടിങ്ങിലൂടെ സ്വന്തമാക്കിയത്.
2018ലെ ഗോൾഡ് കോസ്റ്റ് കോമണ്‍വെൽത്ത് ഗെയിംസിൽ 7 സ്വർണം, 4 വെള്ളി, 5 വെങ്കലം എന്നിവയുൾപ്പെടെ 16 മെഡലുകൾ ഇന്ത്യൻ ഷൂട്ടർമാർ വാരിക്കൂട്ടിയിരുന്നു. 2014ല്‍ 17 മെഡലുകളും 2010ല്‍ 30 മെഡലുകളും ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. അതേസമയം എക്കാലത്തും ഇന്ത്യയുടെ കുത്തകയായിരുന്ന ഗുസ്‌തിയുടെ അഭാവം ഇത്തവണ വൻ തിരിച്ചടിയാകും നൽകുക.
മലർത്തിയടിക്കാൻ ഗുസ്‌തിയില്ല: കോമണ്‍വെൽത്തിൽ 49 സ്വർണം, 39 വെള്ളി, 26 വെങ്കലം എന്നിവയുൾപ്പെടെ 114 മെഡലുകളാണ് ഗുസ്‌തിയിൽ ഇന്ത്യ ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ തവണ ബർമിങ്‌ഹാമിൽ നടന്ന കോമണ്‍വെൽത്ത് ഗെയിംസിൽ 6 സ്വർണം, 1 വെള്ളി, 5 വെങ്കലം എന്നിവയുൾപ്പെടെ 12 മെഡലുകൾ ഇന്ത്യ ഗുസ്‌തിയിൽ സ്വന്തമാക്കിയിരുന്നു.
അമ്പെയ്‌ത്തും ഒഴിവാക്കി: 1982ലും 2010ലും മാത്രമാണ് ആർച്ചറി കോമണ്‍വെൽത്തിൽ മത്സര ഇനമായി നടത്തിയത്. ഈ ഇനത്തിൽ എക്കാലത്തെയും മെഡൽവേട്ടക്കാരിൽ ഇംഗ്ലണ്ടിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. മൂന്ന് സ്വർണവും ഒരു വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ എട്ട് മെഡലുകളാണ് ഇന്ത്യ ആർച്ചറിയിൽ സ്വന്തമാക്കിയിട്ടുള്ളത്.
നേരത്തെ ബർമിങ്‌ഹാമിൽ നടന്ന ഗെയിംസിൽ നിന്ന് ഷൂട്ടിങ് ഒഴിവാക്കിയതിന്‍റെ പേരിൽ ഇന്ത്യ ബഹിഷ്‌കരണ ഭീഷണി ഉൾപ്പെടെ ഉയര്‍ത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. തുടർന്ന് 2026 ലെ ഗെയിംസിൽ ഷൂട്ടിങ്, ഗുസ്‌തി, അമ്പെയ്ത്ത് എന്നിവ ഉൾപ്പെടുത്താൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ കോമണ്‍വെൽത്ത് ഗെയിംസ് ഫെഡറേഷന് കത്ത് എഴുതിയിരുന്നു.
അതേസമയം ഗോൾഫ്, 3x3 ബാസ്‌കറ്റ്ബോൾ, 3x3 വീൽചെയർ ബാസ്‌കറ്റ്ബോൾ, കോസ്റ്റൽ റോവിങ്, ഷൂട്ടിങ്, ഷൂട്ടിങ് പാരാ സ്പോർട്‌സ്, ബിഎംഎക്‌സ് റേസിങ്, മൗണ്ടൻ ബൈക്ക് ക്രോസ് കൺട്രി, ട്രാക്ക് സൈക്ലിംഗ്, പാരാ സൈക്ലിംഗ് ട്രാക്ക് എന്നിവ വിക്‌ടോറിയ കോമണ്‍വെൽത്തിൽ റോസ്റ്ററിലേക്ക് ചേർത്തു. കോസ്റ്റൽ റോയിംഗ്, ഗോൾഫ്, ബിഎംഎക്‌സ് എന്നീ ഇനങ്ങൾക്ക് കോമൺവെൽത്തിൽ ഇത്തവണ അരങ്ങേറ്റം കൂടിയാണ്.
2026 മാർച്ച് 17 മുതൽ 29 വരെ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ മെൽബൺ, ഗീലോംഗ്, ബെൻഡിഗോ, ബല്ലാരത്ത്, ഗിപ്‌സ്‌ലാൻഡ് എന്നിവയുൾപ്പെടെ ഒന്നിലധികം നഗരങ്ങളിലും പ്രാദേശിക കേന്ദ്രങ്ങളിലുമായാണ് കോമണ്‍വെൽത്ത് ഗെയിംസ് നടക്കുക. ഐതിഹാസികമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഗെയിംസിന്‍റെ ഉദ്ഘാടന ചടങ്ങ് നടക്കുക.