ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിന് ഒരു മോഡലായി വളർന്നുവരാൻ സാധിക്കുമെന്നും, ശരീര സൗന്ദര്യത്തിൽ താരം ഒന്നു കൂടെ ശ്രദ്ധിക്കണമെന്നും പാക് മുൻ പേസർ ശുഐബ് അക്‌തർ. പന്ത് വളരെ സുന്ദരനാണെന്നും ക്രിക്കറ്റിനൊപ്പം മോഡലിങിലും തിളങ്ങിയാൽ താരത്തിന് കോടികൾ സമ്പാദിക്കാൻ സാധിക്കുമെന്നും അക്‌തർ പറഞ്ഞു.
ഇന്ത്യയിൽ ക്രിക്കറ്റിന്‍റെ മാർക്കറ്റ് വളരെ വലുതാണ്. അതിനാൽ തന്നെ ഒരു മോഡലായി വളർന്നാൽ പന്തിന് കോടികൾ സമ്പാദിക്കാനാകും. കാരണം ഇന്ത്യയിൽ ഒരാൾ താരമായി കഴിഞ്ഞാൽ അയാളിൽ കോടികളാണ് നിക്ഷേപിക്കപ്പെടുന്നത്. പക്ഷേ പന്തിന് കുറച്ച് തടി കൂടുതലുണ്ട്. അത് കുറയ്‌ക്കാൻ അവൻ തയാറാകണം, അക്‌തർ പറഞ്ഞു.
ഭയമില്ലാതെ ബാറ്റ് വീശുന്ന താരമാണ് റിഷഭ് പന്ത്. കട്ട് ഷോട്ടും, പുൾ ഷോട്ടും, റിവേഴ്‌സ് സ്വീപ്പും എല്ലാം ഭയമില്ലാതെ തന്നെ അവൻ കളിക്കുന്നു. ഓസ്‌ട്രേലിയയിൽ ടെസ്റ്റ് വിജയിപ്പിച്ചത് പോലെ തന്നെ തകർപ്പൻ ബാറ്റിങ്ങിലൂടെ ഇംഗ്ലണ്ടിനെതിരെയും അവൻ ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചു, അക്‌തർ കൂട്ടിച്ചേർത്തു.