ന്യൂഡല്‍ഹി: ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് താരം ശരത് കമാല്‍ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി. ദോഹയില്‍ നടന്ന ഏഷ്യൻ ഒളിമ്പിക് ക്വാളിഫയറിൽ പാകിസ്താന്‍റെ റമീസ് മുഹമ്മദിനെ അനായാസം പരാജയപ്പെടുത്തിയാണ് താരം ടോക്കിയോയിലേക്ക് ടിക്കറ്റെടുത്തത്. ഇതു നാലാം തവണയാണ് ശരത് കമാല്‍ ഒളിമ്പിക്സിന് യോഗ്യത നേടുന്നത്.
വെറും 23 മിനുട്ടു നേരം നീണ്ട മത്സരത്തില്‍ 11-4, 11-1, 11-5, 11-4 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരത്തിന്‍റെ വിജയം. അതേസമയം മണിക ബാത്രയ്‌ക്കൊപ്പം മിക്സഡ് ഡബിൾസ് യോഗ്യതയ്ക്ക് അരികില്‍ കൂടിയാണ് താരം.
'' നാലാം തവണയും ഒളിമ്പിക്സിന് യോഗ്യത നേടിയതിൽ വളരെ സന്തോഷമുണ്ട്. മിക്സഡ് ഡബിൾസില്‍ കൂടി യോഗ്യത നേടാനുളള ശ്രമത്തിലാണെന്നും ദോഹയിൽ അതിനുള്ള പരിശ്രമിക്കുകയാണെന്നും'' വാര്‍ത്ത പങ്കുവെച്ചുകൊണ്ട് ശരത് ട്വിറ്ററില്‍ കുറിച്ചു. ഒളിമ്പിക് ടിക്കറ്റ് നേടിയ താരത്തെ കേന്ദ്ര യുവജനകാര്യ കായിക മന്ത്രി കിരൺ റിജിജു അഭിനന്ദിച്ചു.