റോം : നിയമവിരുദ്ധമായ ട്രാൻസ്ഫർ ഇടപാടുകളില്‍ ഇറ്റാലിയന്‍ സിരീ എ വമ്പന്മാരായ യുവന്‍റസിനെതിരെ കടുത്ത നടപടി. കോടതി ഉത്തരവിനെ തുടര്‍ന്ന് യുവന്‍റസിന്‍റെ 15 പോയിന്‍റുകള്‍ ഇറ്റാലിയന്‍ ഫുട്ബോൾ ഫെഡറേഷൻ വെട്ടിക്കുറച്ചു. ഇതോടെ സീരി എ ലീഗില്‍ മൂന്നാമതായിരുന്ന ക്ലബ് 10ാം സ്ഥാനത്തേക്ക് വീണു.
ക്ലബ്ബിന്‍റെ ഇപ്പോഴത്തേയും മുന്‍ കാലത്തേയും 11 മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമുണ്ട്. പ്രസിഡന്‍റ് സ്ഥാനമൊഴിഞ്ഞതിന് ശേഷം ഈ ആഴ്ച ചെയർമാനായി തിരികെയത്തിയ ആൻഡ്രിയ ആഗ്നെല്ലി, ചീഫ് എക്സിക്യുട്ടീവ് മൗറീസിയോ അരിവബീൻ എന്നിവർക്ക് രണ്ടുവർഷത്തെ വിലക്കാണ് ലഭിച്ചിരിക്കുന്നത്. ക്ലബ്ബിന്‍റെ മുന്‍ സ്‌പോർട്‌സ് ഡയറക്ടർ ഫാബിയോ പരാറ്റിസിക്ക് 30 മാസത്തെ വിലക്കുണ്ട്.
നിലവിൽ പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടനത്തിന്‍റെ ഫുട്ബാൾ മാനേജിങ് ഡയറക്ടറാണ് പരാറ്റിസി. രാജ്യത്തിനുപുറത്തും ഇവരുടെ വിലക്ക് ബാധകമാകുന്ന തരത്തില്‍ ഫിഫയ്ക്കും യുവേഫയ്ക്കും അപേക്ഷ നൽകുമെന്ന് ഇറ്റാലിയന്‍ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചിട്ടുണ്ട്. അതേസമയം തീരുമാനത്തിനുള്ള കാരണങ്ങൾ പ്രസിദ്ധീകരിച്ചാല്‍ രാജ്യത്തെ സ്‌പോർട്‌സ് ഗ്യാരന്‍റി ബോർഡിന് അപ്പീൽ നൽകുമെന്ന് യുവന്‍റസ് അറിയിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ആൻഡ്രിയ ആഗ്നെല്ലിയുടെ നേതൃത്വത്തിലുള്ള യുവന്‍റസിന്‍റെ ഡയറക്‌ടര്‍ ബോർഡിലെ മുഴുവന്‍ അംഗങ്ങളും കഴിഞ്ഞ നവംബറിലാണ് രാജിവച്ചത്. തെറ്റായ അക്കൗണ്ടിങ്ങും മാർക്കറ്റ് മാനിപ്പുലേഷനും ആരോപിച്ച് യുവന്‍റസിന്‍റെ ഫിനാന്‍ഷ്യല്‍ സ്‌റ്റേറ്റ്‌മെന്‍റ് പ്രോസിക്യൂട്ടർമാരും ഇറ്റാലിയൻ മാർക്കറ്റ് റെഗുലേറ്റർ കോൺസോബും പരിശോധിച്ചതിന് പിന്നാലെയാണ് രാജിയുണ്ടായത്.
ALSO READ: ലൈംഗികാതിക്രമക്കേസ്: ബ്രസീല്‍ താരം ഡാനി ആൽവസ് കസ്റ്റഡിയില്‍
സാമ്പത്തിക ക്രമക്കേട് ഉള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ യുവന്‍റസടക്കം 11 ക്ലബ്ബുകൾക്കെതിരെയാണ് പരാതി ഉയർന്നിരുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിൽ എല്ലാ ക്ലബ്ബുകളെയും കുറ്റവിമുക്തരാക്കിയെങ്കിലും ഫെഡറൽ പ്രോസിക്യൂട്ടർ അപ്പീൽ നൽകുകയായിരുന്നു. 11ല്‍ ഒമ്പത് ക്ലബ്ബുകൾക്കെതിരെയാണ് അന്വേഷണം വീണ്ടും ആവശ്യപ്പെട്ടത്.