ബെൽഗ്രേഡ് : ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിന്‍റെ വിസ വീണ്ടും റദ്ദാക്കിയ ഓസ്ട്രേലിയന്‍ സര്‍ക്കാറിന്‍റെ നടപടിയില്‍ കനത്ത പ്രതിഷേധം രേഖപ്പെടുത്തി സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്‌സാണ്ടർ വുസിക്.
സെര്‍ബിയന്‍ താരത്തിന്‍റെ വിസ വീണ്ടും റദ്ദാക്കിയ നടപടി ഞെട്ടിച്ചതായി അലക്‌സാണ്ടർ വുസിക് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ജയിക്കാനും ജനപ്രീതി നേടാനും ഇത്തരം നടപടികളുടെ ആവശ്യമുണ്ടോയെന്ന് വുസിക് ഓസ്‌ട്രേലിയന്‍ സര്‍ക്കാറിനോട് ചോദിച്ചു.
ഓസ്‌ട്രേലിയന്‍ സർക്കാർ ജോക്കോവിച്ചിനെ മാത്രമല്ല മുഴുവന്‍ രാഷ്ട്രത്തേയുമാണ് (സെര്‍ബിയ) ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത്. മെൽബണിൽ (ഓസ്‌ട്രേലിയന്‍ ഓപ്പണ്‍) ജോക്കോവിച്ചിന്‍റെ പത്താം ട്രോഫി തടയാനാണെങ്കില്‍ എന്തുകൊണ്ടാണ് താരത്തെ പെട്ടെന്ന് തിരിച്ചയക്കാത്തതെന്നും വുസിക് ചോദിച്ചു.
എമിഗ്രേഷൻ മന്ത്രി അലെക്‌സ് ഹോക്കിന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജോക്കോയുടെ വിസ വീണ്ടും കഴിഞ്ഞ ദിവസം റദ്ദാക്കിയത്. കൊവിഡ് വാക്‌സിന്‍ എടുക്കാതെ രാജ്യത്ത് പ്രവേശിച്ചതിന് പൊതുതാത്പര്യം കണക്കിലെടുത്താണ് നടപടിയെന്ന് അലെക്‌സ് ഹോക് വ്യക്തമാക്കിയിരുന്നു.
അതേസമയം ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ താരം വീണ്ടും ഫെഡറര്‍ കോടതിയെ സമീപിക്കുമെന്നാണ് വിവരം. ജനുവരി ആറിന് മെല്‍ബണ്‍ ടല്ലമറൈന്‍ വിമാനത്താവളത്തിലെത്തിയ ജോക്കോയെ വാക്‌സിനെടുക്കാത്തതിനെ തുടര്‍ന്ന് തടഞ്ഞുവയ്ക്കുകയും വിസ റദ്ദാക്കുകയും ചെയ്‌തിരുന്നു.
തുടര്‍ന്ന് കോടതിയില്‍ നടത്തിയ പോരാട്ടത്തിനൊടുവിലാണ് താരത്തിന്‍റെ വിസ പുനഃസ്ഥാപിക്കപ്പെട്ടിരുന്നത്. കഴിഞ്ഞ ഡിസംബറില്‍ കൊവിഡ് ബാധിച്ച തനിക്ക് മെഡിക്കല്‍ ഇളവ് ലഭിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജോക്കോ കോടതിയില്‍ അനുകൂല വിധി നേടിയത്.