ന്യൂഡല്‍ഹി: ജുഡീഷ്യറിക്കെതിരെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ നടത്തിയ പരാമര്‍ശത്തില്‍ മുന്‍ ഐപിഎല്‍ കമ്മിഷണര്‍ ലളിത് മോദിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. വിഷയത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ മാപ്പ് പറയാനും കോടതി നിര്‍ദേശിച്ചു. ലളിത് മോദി നിയമത്തിന് മുകളിലല്ലെന്ന് കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ എംആര്‍ഷാ, സിടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസില്‍ ലളിത് മോദി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തൃപ്‌തനല്ലെന്നും കോടതി പറഞ്ഞു. ജുഡീഷ്യറിയ്‌ക്ക് മങ്ങലേല്‍പ്പിക്കുന്ന തരത്തിലുള്ള ഇത്തരം പരമാര്‍ശങ്ങള്‍ ഇനിയുണ്ടാകാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.
മുന്‍ അറ്റോര്‍ണി ജനറലിനും മുതിര്‍ന്ന അഭിഭാഷകനുമായ മുകുള്‍ റോത്തഗിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിനെതിരെയാണ് ലളിത് മോദിക്കെതിരെ കേസെടുത്തത്. ലളിത് മോദിയുടെ കുടുംബ സ്വത്തുമായി ബന്ധപ്പെട്ട കേസില്‍ ഭാര്യ ബീന മോദിക്ക് വേണ്ടി ഹാജരായ അഭിഭാഷകനായിരുന്നു മുകുള്‍ റോത്തഗി.
'ബഹുമാനപ്പെട്ട മിസ്റ്റര്‍ റോത്തഗി ജി, എനിക്ക് നിങ്ങളോട് എപ്പോഴും ബഹുമാനം മാത്രമാണുള്ളത്. എന്നാല്‍ എനിക്ക് നിങ്ങളെ ആവശ്യമില്ല, എന്‍റെ പക്കല്‍ നിങ്ങളുടെ നമ്പറുമില്ല. എനിക്ക് നിങ്ങളുടെ സഹായം ആവശ്യമില്ല. കാരണം എന്നെ സഹായിക്കാന്‍ ഹരീഷ് സാല്‍വെയുണ്ട്. നിങ്ങള്‍ എന്നെ അഭയാര്‍ഥിയെന്ന് വിളിക്കുന്നത് നിര്‍ത്തണം. മാന്യമായി നിങ്ങള്‍ സംസാരിക്കണം.
നിങ്ങളുടെ ഡിഎന്‍എയില്‍ അത്തരമൊരു സവിശേഷതയുണ്ടെങ്കില്‍ മാത്രമെന്നും' തുടങ്ങിയ കാര്യങ്ങളാണ് ലളിത് മോദി മുകുള്‍ റോത്തഗിയെ കുറിച്ച് പോസ്റ്റിട്ടത്. ഇത് ഒരു കുടുംബത്തിന്‍റെ പ്രശ്‌നമാണ്. എന്നാല്‍ നിങ്ങള്‍ പരസ്യമായി വഴക്കടിക്കാന്‍ തുടങ്ങിയാല്‍ അത് ദോഷകരമാണെന്നും അതിന് തക്കതായ പരിഹാരം കാണാന്‍ നിങ്ങള്‍ ശ്രമം നടത്തുമെന്നുമാണ് പ്രതീക്ഷയെന്നും കോടതി പറഞ്ഞു.