ദുബായ് : ഏഷ്യൻ ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പിൽ ചരിത്രമെഴുതി ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യം. പുരുഷ ഡബിൾസ് ഫൈനലിൽ ലോക റാങ്കിങ്ങിൽ എട്ടാം സ്ഥാനക്കാരായ മലേഷ്യൻ ജോഡിയെ തോൽപ്പിച്ചാണ് 'സുവര്‍ണ നേട്ടം'. 58 വർഷത്തിന് ശേഷമാണ് ഇന്ത്യ ഏഷ്യൻ ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്നത്.
2022ലെ ലോക ബാഡ്‌മിന്‍റൺ വെങ്കല മെഡൽ ജേതാക്കളായ ഇന്ത്യൻ സഖ്യം 21-16, 17-21, 19-21 എന്ന സ്‌കോറിനാണ് മലേഷ്യയുടെ ഓങ് യു സിൻ-ടിയോ ഈ യി സഖ്യത്തെ പരാജയപ്പെടുത്തിയത്. മത്സരത്തിലെ ആദ്യ ഗെയിം നഷ്‌ടമായ ശേഷം ശക്‌തമായി തിരിച്ചടിച്ചാണ് സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യം ജയിച്ചുകയറിയത്.
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ആദ്യ ഗെയിമിൽ തുടർച്ചയായി ആറ് പോയിന്‍റുകൾ നേടിയാണ് മലേഷ്യൻ സഖ്യം മുന്നിലെത്തിയത്. രണ്ടാം ഗെയിമിന്‍റെ ഭൂരിഭാഗവും ആധിപത്യം പുലർത്തിയ ഓങ്-ടിയോ സഖ്യം 13-7 ന് ലീഡ് ചെയ്‌തിരുന്നു. പിന്നീട് തുടർച്ചയായി അഞ്ച് പോയിന്‍റുകൾ നേടിയ ഇന്ത്യൻ സഖ്യം 15-14 ന് ഗെയിമിൽ ആദ്യമായി ലീഡ് നേടി. തുടർന്ന് 21-17 ന് രണ്ടാം ഗെയിം സ്വന്തമാക്കിയ ഇന്ത്യ മത്സരത്തെ നിർണായകമായ മൂന്നാം ഗെയിമിലേക്ക് കൊണ്ടുപോയി.
ആദ്യ ഗെയിമിന് സമാനമായി മൂന്നാം ഗെയിമിലും രണ്ട് ടീമുകളും തുല്യപോരാട്ടമാണ് നടത്തിയത്. പിന്നീട് മലേഷ്യൻ സഖ്യം മൂന്ന് പോയിന്‍റ് ലീഡ് നേടി. ശക്‌തമായി തിരിച്ചടിച്ച സാത്വിക്കും ചിരാഗും മത്സരത്തിൽ രണ്ടാം തവണയും തിരിച്ചുവരവ് നടത്തി. ഇതോടെ 21-19 ന് മൂന്നാം സെറ്റും ചരിത്ര സ്വർണവും ഇന്ത്യൻ ജോഡി സ്വന്തമാക്കി.
ഈ വർഷം മികച്ച ഫോമിൽ തുടരുന്ന ഇന്ത്യൻ ജോഡിയുടെ രണ്ടാം കിരീടമാണിത്. മാർച്ചിൽ സ്വിസ് ഓപ്പൺ കിരീടം നേടിയിരുന്നു. ഏഷ്യൻ ചാമ്പ്യൻഷിപ്പ് കിരീടത്തിന് പുറമെ 022 കോമൺവെൽത്ത് ഗെയിംസിലും അഞ്ച് ബിഡബ്ല്യൂഎഫ് വേൾഡ് ടൂർ കിരീടങ്ങളും നേടിയിട്ടുണ്ട്.
1965 ൽ പുരുഷ സിംഗിൾസിൽ ദിനേഷ് ഖന്നയാണ് ഇതിനുമുമ്പ് ഇന്ത്യക്കായി സ്വർണം നേടിയത്. ലഖ്‌നൗവിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ തായ്‌ലൻഡിന്‍റെ സാംഗോബ് റത്തനുസോണിനെ തോൽപ്പിച്ചാണ് ദിനേഷ് ഈ നേട്ടം കൈവരിച്ചത്. 1971-ൽ ദിപു ഘോഷും രമൺ ഘോഷും ചേർന്ന് നേടിയ വെങ്കല മെഡലായിരുന്നു ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.
നേരത്തെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇന്തോനേഷ്യയുടെ മുഹമ്മദ് അഹ്‌സൻ-ഹെൻഡ്ര സെറ്റ്യാവൻ ജോഡികളെ നേരിട്ടുള്ള ഗെയിമുകൾക്ക് കീഴടക്കിയാണ് ഇന്ത്യൻ സഖ്യം സെമി ഫൈനലിലെത്തി മെഡലുറപ്പിച്ചിരുന്നത്. സെമിയിൽ ചൈനീസ് തായ്‌പേയിയുടെ ലീ യാങ്-വാങ് ചി ലിൻ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്.