ദമാം: ഇന്ത്യയിലെ പ്രധാന ഫുട്‌ബോള്‍ ടൂര്‍ണമെന്‍റായ സന്തോഷ് ട്രോഫി അടുത്ത വര്‍ഷം സൗദി അറേബ്യയില്‍ നടന്നേക്കും. നോക്കൗട്ട് മത്സരങ്ങള്‍ സൗദിയില്‍ നടത്താനുള്ള സാധ്യത പഠിനത്തിനായുള്ള ധാരണ പത്രത്തില്‍ ഇരു രാജ്യങ്ങളുടെ ഫുട്‌ബോള്‍ അസോസിയേഷനുകളും ഒപ്പുവച്ചു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) പ്രസിഡന്‍റ് കല്യാണ്‍ ചൗബേ, സെക്രട്ടറി ജനറല്‍ ഷാജി പ്രഭാകരന്‍, സൗദി ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് യാസര്‍ അല്‍ മിശാല്‍, ജനറല്‍ സെക്രട്ടറി ഇബ്രാഹിം അല്‍ കാസിം എന്നിവരാണ് ധാരണ പത്രത്തില്‍ ഒപ്പുവയ്‌ച്ചിരിക്കുന്നത്.
യുവ താരങ്ങളെ വലിയ സ്വപ്നങ്ങള്‍ കാണാന്‍ പ്രോത്സാഹിപ്പിക്കുന്നതിനും സൗദിയിലെ ഇന്ത്യന്‍ സമൂഹത്തെ ഇന്ത്യന്‍ ഫുട്‌ബോളുമായി ബന്ധിപ്പിക്കുന്നതിനുമാണ് ഇതുവഴി ലക്ഷ്യം വയ്‌ക്കുന്നതെന്ന് എഐഎഫ്എഫ് പ്രസ്‌താവനയില്‍ പറഞ്ഞു. സാങ്കേതിക പിന്തുണ നൽകൽ, സ്ഥിരമായി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി മത്സരങ്ങള്‍ സംഘടിപ്പിക്കല്‍, ഭരണ വിദഗ്ധരുടെ കൈമാറ്റം എന്നിയുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ധാരണ പത്രത്തില്‍ ഉള്‍പ്പെടുന്നുണ്ട്.
ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ ഒരു സംഭവവികാസമാണിതെന്ന് എഐഎഫ്എഫ് പ്രസിഡന്‍റ് കല്യാണ്‍ ചൗബെ പറഞ്ഞു. ഇന്ത്യൻ ഫുട്ബോളിന് ഒരു പുതിയ പ്ലാറ്റ്‌ഫോം സൃഷ്ടിക്കുകയും അത് ലോകമെമ്പാടുമുള്ള ഇന്ത്യൻ ആരാധകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.