മലപ്പുറം: സന്തോഷ് ട്രോഫിയില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഗുജറാത്തിനെ തോൽപിച്ച ഒഡീഷ സെമി ഫൈനല്‍ സാധ്യത സജീവമാക്കി. ഒഡീഷക്കായി ചന്ദ്രമുദുലി ഇരട്ടഗോള്‍ നേടിയപ്പോൾ, റയ്‌സണ്‍ ടുഡുവിന്‍റെ വകയാണ് ഒരു ഗോള്‍. മഴനിറഞ്ഞാടിയ മത്സരത്തിന്‍റെ രണ്ടാം പകുതിയുടെ അവസാന പത്ത് മിനിറ്റിലാണ് മൂന്ന് ഗോളുകൾ പിറന്നത്.
ആദ്യ പകുതി; മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ ഒഡീഷയുടെ മുന്നേറ്റമാണ് കണ്ടത്. ഒമ്പതാം മിനിറ്റിൽ ഒഡീഷക്ക് ആദ്യ അവസരം ലഭിച്ചു. കോര്‍ണറില്‍ നിന്ന് ലഭിച്ച അവസരം പ്രതിരോധ താരം അഭിഷേക് രാവത് നഷ്‌ടമാക്കി. 14-ാം മിനിറ്റിൽ അടുത്ത അവസരം, വലതു വിങ്ങില്‍ നിന്ന് പിന്‍റു സമല്‍ നല്‍കിയ ക്രോസ് കാര്‍ത്തിക് ഹന്‍തല്‍ ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും പുറത്തേക്ക് പോയി.
കളിയാരംഭിച്ച് 37-ാം മിനിറ്റില്‍ ഒഡിഷ ലീഡെടുത്തു. അര്‍പന്‍ ലാക്ര എടുത്ത കോര്‍ണര്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ഗുജറാത്ത് താരങ്ങള്‍ വരുത്തിയ പിഴവ് മുതലെടുത്ത് ചന്ദ്രമുദുലി ഒഡിഷയുടെ ആദ്യ ഗോള്‍ നേടി. ഉയര്‍ന്നു വന്ന പന്ത് ഒരു ഉഗ്രന്‍ ഹാഫ് വോളിയിലൂടെയായിരുന്നു ഗോളാക്കി മാറ്റിയത്.
ALSO READ: സന്തോഷ് ട്രോഫി: കര്‍ണാടകയെ കീഴടക്കി മണിപ്പൂര്‍ സെമിയില്‍
രണ്ടാം പകുതി; 78-ാം മിനിറ്റിലാണ് ഗുജറാത്ത് സമനില പിടിച്ചത്. ഒഡീഷൻ പ്രതിരോധപ്പിഴവിൽ നിന്നും പന്ത് പിടിച്ചെടുത്ത മുഹമ്മദ് മറൂഫ് മൊല്ല നല്‍കിയ പാസ് പ്രഭല്‍ദീപ് ഖാരെ വലയിലെത്തിക്കുകയായിരുന്നു. 87-ാം മിനിറ്റില്‍ ചന്ദ്രമുദുലി ഒഡിഷയുടെ ലീഡ് ഇരട്ടിയാക്കി. അര്‍പന്‍ ലാക്ര നല്‍കിയ പന്ത് പോസ്റ്റിന് മുന്നില്‍ നിന്നിരുന്ന ചന്ദ്ര മുദുലി ഗോളാക്കി മാറ്റുകയായിരുന്നു.
89-ാം മിനിറ്റില്‍ റയ്‌സണ്‍ ടുഡുവിലൂടെ ഒഡീഷ ലീഡ് ഉയര്‍ത്തി. 90-ാം മിനിറ്റില്‍ ഗുജറാത്ത് പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ചു. കോര്‍ണര്‍ കിക്കിനിടെ ജയക്‌നാനിയെ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റി ജയക്‌നാനി തന്നെ ഗോളാക്കി മാറ്റുകയായിരുന്നു.