ന്യൂഡല്‍ഹി : തെരഞ്ഞെടുക്കപ്പെട്ട ഗുസ്‌തി ഫെഡറേഷന്‍ പാനലിനെ സസ്പെന്‍ഡ് ചെയ്‌ത നടപടിയില്‍ കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായി കൂടിക്കാഴ്‌ച നടത്താന്‍ ഒരുങ്ങി സഞ്ജയ് സിങ് (Sanjay Singh To Meet Sports Minister Anurag Thakur). കായിക മന്ത്രാലയത്തിന്‍റെ നടപടിയില്‍ തന്‍റെ വാദങ്ങള്‍ വിശദമാക്കുന്നതിനായാണ് കൂടിക്കാഴ്‌ച. ഗുസ്‌തി ഫെഡറേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ താത്കാലിക സമിതിയെ നിയോഗിക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.
ഇതിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്ര കായിക മന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് സഞ്ജയ് സിങ് തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ മറ്റ് സംസ്ഥാനങ്ങളിലെ ഗുസ്‌തി ഫെഡറേഷനുകള്‍ നല്‍കുന്ന കത്തുമായിട്ടായിരിക്കും സഞ്ജയ് സിങ് അനുരാഗ് താക്കൂറിനെ കാണുക. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഗുസ്‌തി ഫെഡറേഷന്‍ പാനല്‍ ചട്ടവിരുദ്ധമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഇന്നലെയായിരുന്നു കായിക മന്ത്രാലയം ഫെഡറേഷന്‍ സമിതിയെ സസ്‌പെന്‍ഡ് ചെയ്‌തത്.
കഴിഞ്ഞ ഡിസംബര്‍ 21ന് ഗുസ്‌തി ഫെഡറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് പഴയ അധ്യക്ഷനായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്‍റെ വിശ്വസ്‌തന്‍ സഞ്ജയ് സിങ് തെരഞ്ഞെടുക്കപ്പെട്ടത്. സഞ്ജയ് സിങ്ങിന്‍റെ നേതൃത്വത്തിലുളള പാനല്‍ 15ല്‍ 13 സീറ്റുകളും തെരഞ്ഞെടുപ്പില്‍ സ്വന്തമാക്കി. ഏഴിനെതിരെ 40 വോട്ടുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച സഞ്ജയ് സിങ്ങിന് ലഭിച്ചത്.
അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ദിവസം തന്നെ അണ്ടര്‍15, അണ്ടര്‍ 20 ദേശീയ മത്സരങ്ങള്‍ ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ നടത്തുമെന്ന് സഞ്ജയ് സിങ് പ്രഖ്യാപിച്ചിരുന്നു. ഫെഡറേഷന്‍റെ ഭരണഘടനയ്ക്ക് വിരുദ്ധമായിട്ടാണ് അധ്യക്ഷന്‍റെ ഈ പ്രഖ്യാപനമെന്നായിരുന്നു മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത്. എന്നാല്‍, ഈ മാസം ഡിസംബര്‍ 31ന് അണ്ടര്‍ 15, അണ്ടര്‍ 20 കലണ്ടര്‍ അവസാനിക്കുമെന്നിരിക്കെ എല്ലാവരും കൂടിയാലോചിച്ച ശേഷമാണ് മത്സരങ്ങള്‍ നടത്തുന്നതിനെ കുറിച്ച് തീരുമാനം എടുത്തതെന്നാണ് സഞ്ജയ് സിങ്ങിന്‍റെ വാദം.
താന്‍ വ്യക്തിപരമായിട്ടല്ല ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. 24 സംസ്ഥാനങ്ങളിലെ അസോസിയേഷനുകളും സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്നും സിങ് പറഞ്ഞു.
Also Read : സഞ്ജയ് സിങ് ബന്ധുവല്ലെന്ന് ബ്രിജ് ഭൂഷൺ; നീതി ലഭിക്കണമെന്ന് സാക്ഷി മാലിക്
കായിക മന്ത്രാലയത്തിന്‍റെ നടപടി വന്നതിന് പിന്നാലെ സസ്‌പെന്‍ഷനിലായ പാനല്‍ അംഗങ്ങള്‍ പ്രധാനമന്ത്രിയെ കാണുമെന്ന് കഴിഞ്ഞ ദിവസം സഞ്ജയ് സിങ് വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരുമായുള്ള കൂടിക്കാഴ്‌ചയില്‍ തങ്ങള്‍ക്ക് അനുകൂലമായ പ്രതികരണങ്ങള്‍ അല്ല ഉണ്ടാകുന്നതെങ്കില്‍ നിയമ നടപടികള്‍ തേടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.