ദുബായ് : അടുത്ത മാസം ദുബായിൽ നടക്കുന്ന ഡബ്ല്യുടിഎ 1000 ഇവന്‍റിന് ശേഷം തന്‍റെ പ്രൊഫഷണല്‍ കരിയര്‍ അവസാനിപ്പിക്കുമെന്ന് ഇന്ത്യയുടെ ഇതിഹാസ ടെന്നീസ് താരം സാനിയ മിര്‍സ. കഴിഞ്ഞ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണിന്‍റെ ആദ്യ റൗണ്ടില്‍ പുറത്തായതിന് പിന്നാലെ ഇത് തന്‍റെ അവസാന സീസണായിരിക്കുമെന്ന് സാനിയ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം പിന്‍വലിച്ച താരം ഇക്കുറിയും ഓസ്‌ട്രേലിയൻ ഓപ്പണിനിറങ്ങും.
ആറ് ഗ്രാൻഡ് സ്ലാം ഡബിൾസ് കിരീടങ്ങൾ നേടിയ 36 കാരിയുടെ അവസാന മേജര്‍ ടൂര്‍ണമെന്‍റായിരിക്കുമിത്. തന്‍റെ മുൻഗണനകൾ മാറിയിട്ടുണ്ടെന്നും മുന്നോട്ടുപോകാൻ തനിക്ക് വൈകാരിക ശേഷിയില്ലെന്നും സാനിയ ഡബ്ല്യുടിഎ ടൂർ വെബ്‌സൈറ്റിനോട് പറഞ്ഞു. ജനുവരി 16 ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയൻ ഓപ്പണിൽ മിക്‌സഡ് ഡബിള്‍സിലും വനിത ഡബിള്‍സിലും സാനിയ മത്സരിക്കുന്നുണ്ട്.
മിക്‌സഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പമാണ് സാനിയ കളിക്കുക. 2021ലെ വിംബിള്‍ഡണിലാണ് സാനിയ-ബൊപ്പണ്ണ സഖ്യം അവസാനമായി ഒന്നിച്ചുകളിച്ചത്. ഓസ്‌ട്രേലിയയില്‍ സാനിയയ്‌ക്ക് ഒപ്പം മത്സരിക്കുന്ന കാര്യം ബൊപ്പണ്ണ തന്നെയാണ് വ്യക്തമാക്കിയത്.
കസാഖിസ്ഥാന്‍റെ അന്ന ഡാനിലീനയാണ് വനിത വിഭാഗത്തില്‍ സാനിയയുടെ പങ്കാളി. കരിയറില്‍ രണ്ട് തവണ ഓസ്‌ട്രേലിയൻ ഓപ്പൺ ചാമ്പ്യൻഷിപ്പ് നേടാന്‍ 36കാരിക്ക് കഴിഞ്ഞിട്ടുണ്ട്. 2009-ൽ മഹേഷ് ഭൂപതിക്കൊപ്പം മിക്‌സഡ് ഡബിൾസിലാണ് സാനിയ ആദ്യ കിരീടം ചൂടിയത്. തുടര്‍ന്ന് 2016-ൽ മാർട്ടിന ഹിംഗിസിനൊപ്പം വനിത ഡബിൾസിലും താരം വിജയിയായി. അതേസമയം 2013ൽത്തന്നെ സിംഗിൾസിൽ നിന്ന് സാനിയ വിരമിച്ചിരുന്നു.