ന്യൂഡല്‍ഹി : കോമൺവെൽത്ത് ഗെയിംസിൽ കിരീടം നിലനിർത്താനുള്ള ഇന്ത്യന്‍ താരം സൈന നെഹ്‌വാളിന്‍റെ സാധ്യത മങ്ങുന്നു. നടക്കാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് എന്നിവയുടെ സെലക്ഷൻ ട്രയൽസിനിറങ്ങില്ലെന്ന് സൈന അറിയിച്ചു. ഇത് സംബന്ധിച്ച് ബാഡ്‌മിന്‍റൺ അസോസിയേഷൻ ഓഫ് ഇന്ത്യയ്‌ക്ക് (ബിഎഐ) സൈന കത്തയച്ചിട്ടുണ്ട്.
'കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യാഡ്, തോമസ് കപ്പ്, യൂബർ കപ്പ് എന്നിവയിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുന്ന ഏക ടൂർണമെന്‍റായ ട്രയൽസിൽ കളിക്കേണ്ടതില്ലെന്ന തന്‍റെ തീരുമാനം അറിയിച്ചുകൊണ്ട് സൈന ബിഎഐക്ക് കത്തയച്ചിട്ടുണ്ട് ' - ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
അഞ്ച് വീതം പുരുഷ-വനിത താരങ്ങളടങ്ങുന്ന 10 അംഗ ടീമിനെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസിനായി തിരഞ്ഞെടുക്കുക. ഏഷ്യൻ ഗെയിംസ്, തോമസ് കപ്പ്, യൂബർ കപ്പ് എന്നിവയ്‌ക്കായി 10 വീതം പുരുഷ-വനിത താരങ്ങളടങ്ങുന്ന 20 അംഗ ടീമിനേയുമാണ് ഇന്ത്യ അയയ്‌ക്കുക.
ബിഡബ്ല്യൂഎഫ് റാങ്കിങ്ങില്‍ ആദ്യ 15-ലുള്ള കളിക്കാരെ നേരിട്ട് തിരഞ്ഞെടുക്കുമെന്നും ബാക്കിയുള്ളവരെ ട്രയൽസിലൂടെയാവും തിരഞ്ഞെടുക്കുകയെന്നും കഴിഞ്ഞ മാര്‍ച്ചില്‍ ബിഎഐ അറിയിച്ചിരുന്നു. ഏറ്റവും പുതിയ ലോക റാങ്കിങ്ങില്‍ 16 നും 50 നും ഇടയിലുള്ളവരെ മാത്രമേ സെലക്ഷന് പരിഗണിക്കൂവെന്നും ബിഎഐ വ്യക്തമാക്കുകയും ചെയ്‌തു. ഏപ്രിൽ 15 മുതൽ 20 വരെയാണ് സെലക്ഷൻ ട്രയൽസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
also read: IPL 2022 | 'ഹര്‍ദിക് നിങ്ങളൊരു മോശം ക്യാപ്റ്റനാണ്' ; ഷമിക്കെതിരായ ആക്രോശത്തില്‍ സോഷ്യല്‍ മീഡിയ
നിലവിലെ ലോക റാങ്കിങ്ങില്‍ 23ാം സ്ഥാനത്താണ് സൈനയുള്ളത്. ഇതോടെയാണ് വരാനിരിക്കുന്ന പ്രധാന ഇവന്‍റുകളിലെ താരത്തിന്‍റെ സാന്നിധ്യത്തിന് മങ്ങലേറ്റത്. അതേസമയം മുൻ ലോക ഒന്നാം നമ്പർ താരമായ സൈന കഴിഞ്ഞ രണ്ട് വർഷമായി തുടർച്ചയായ പരിക്കുകളോടും മോശം ഫോമിനോടും പോരാടുകയാണ്. 2010ലും 2018ലും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വർണം നേടിയ സൈനയ്ക്ക് റിയോ ഒളിമ്പിക്‌സിന് മുമ്പ് കാൽമുട്ടിന് പരിക്കേറ്റിരുന്നു.