ന്യൂഡല്‍ഹി : സാഗര്‍ റാണ വധക്കേസില്‍ അറസ്റ്റിലായ ഒളിമ്പ്യന്‍ സുശീൽ കുമാറിനെതിരായ മാധ്യമവിചാരണ വിലക്കണമെന്ന ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി മെയ് 28 ന് വാദം കേള്‍ക്കും. ക്രിമിനല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് ജ്യോതി സിങ് എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
മാധ്യമങ്ങൾ കേസ് റിപ്പോർട്ട് ചെയ്തതിലൂടെ സുശീലിന്‍റെ കരിയറിനും പ്രശസ്തിക്കും കോട്ടം സംഭവിക്കുന്നുവെന്നാരോപിച്ച് ഒരു നിയമ വിദ്യാർഥിയാണ് ഡല്‍ഹി ഹെെക്കോടതിയില്‍ ഹര്‍ജി സമർപ്പിച്ചത്. അതേസമയം കേസില്‍ പിടിയിലായ സുശീല്‍ നിലവില്‍ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്. മെയ് 23നാണ് ഡല്‍ഹി കോടതി സുശീലിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
read more:സുശീൽ കുമാറിനെ ഇന്ത്യന്‍ റെയിൽവെ സസ്‌പെൻഡ് ചെയ്തു
മെയ് നാലിന് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് ഛത്രസാല്‍ സ്റ്റേഡിയത്തില്‍വെച്ച് നടന്ന കയ്യാങ്കളിക്ക് പിന്നാലെയാണ് സാഗര്‍ റാണ കൊല്ലപ്പെടുന്നത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സുശീലിനെ 19 ദിവസത്തിന് ശേഷം പഞ്ചാബില്‍ വച്ചാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്.
അതേസമയം സുശീലിന് വധശിക്ഷ നല്‍കണമെന്നും മെഡലുകള്‍ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് സാഗര്‍ റാണയുടെ കുടുംബം രംഗത്തെത്തിയിരുന്നു. 2008ല്‍ ബീജിങ് ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വെങ്കല മെഡല്‍ സ്വന്തമാക്കിയ സുശീല്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെള്ളിമെഡലും നേടിയിട്ടുണ്ട്. പിന്നാലെ ഗുസ്‌തിയില്‍ ലോക ചാമ്പ്യന്‍ഷിപ്പും കരസ്ഥമാക്കിയിരുന്നു.