മ്യൂണിക്: പോളണ്ടിന്‍റെ സൂപ്പർ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കി ബയേണ്‍ മ്യൂണിക് വിടുന്നു. കരാർ പുതുക്കാൻ താൽപര്യമില്ലെന്ന് താരം ക്ലബിനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ബൊറൂസിയ ഡോർട്‌മുണ്ടില്‍ നിന്ന് 2014ൽ ബയോണിലെത്തിയ താരത്തിന് ഒരു വർഷത്തെ കരാർ അവശേഷിക്കുന്നുണ്ട്.
നിലവിൽ താരത്തിനായി ബാഴ്‌സലോണയും പിഎസ്‌ജിയുമാണ് രംഗത്തുള്ളത്. ഇതിൽ ബാഴ്‌സലോണയിലേക്ക് താരം മാറുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം സാമ്പത്തിക പ്രശ്‌നങ്ങളിൽ വലയുന്ന ബാഴ്‌സലോണക്ക് ലെവൻഡോവ്‌സ്‌കിയെ വലിയ തുകയ്‌ക്ക് ടീമിലെത്താക്കാനാകുമോ എന്ന കാര്യത്തിലും സംശയം ഉയരുന്നുണ്ട്.
ALSO READ: സഹസ്രകോടി; പണക്കൊഴുപ്പിലും മെസി തന്നെ രാജാവ്, ഇന്ത്യൻ താരങ്ങളിൽ കോലി മാത്രം
ബയേണിനായി 374 മത്സരങ്ങളിൽ നിന്ന് 343 ഗോളുകളാണ് ലെവൻഡോവ്‌സ്‌കി അടിച്ചുകൂട്ടിയിട്ടുള്ളത്. ടീമിനൊപ്പം ആകെ 19 കിരീടങ്ങളാണ് താരം സ്വന്തമാക്കിയത്. ഈ സീസണിൽ ബയേണിനായി 45 മത്സരങ്ങളിൽ നിന്ന് 49 ഗോളും ഏഴ് അസിസ്റ്റുകളും താരത്തിന്‍റെ പേരിലുണ്ട്. 2021ലെ ഫിഫയുടെ ഏറ്റവും മികച്ച താരമായും ലെവൻഡോവ്‌സ്‌കി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.