ന്യൂഡല്‍ഹി : ഇന്ത്യന്‍ താരങ്ങള്‍ ടോക്കിയോ ഒളിമ്പിക്സിന് പോകുന്നത് സാന്നിധ്യമറിയിക്കാന്‍ മാത്രമല്ല, മറിച്ച് വിജയിക്കാന്‍ കൂടിവേണ്ടിയാണെന്ന് കേന്ദ്ര കായിക വകുപ്പ് മന്ത്രി കിരണ്‍ റിജിജു.
ഒളിമ്പിക്‌സിനൊരുങ്ങുന്ന താരങ്ങൾക്ക് ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയതിന് പിന്നാലെയാണ് റിജിജുവിന്‍റെ പ്രതികരണം. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയായിരുന്നു കായിക താരങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ആശംസ.
'ഞങ്ങൾ ടോക്കിയോ ഒളിമ്പിക്സിന് പോകുന്നത് ടോക്കൺ സാന്നിധ്യത്തിനല്ല, വിജയിക്കാന്‍ കൂടിയാണ്. ഒളിമ്പിക്സില്‍ മെഡലുകൾ നേടുകയെന്നത് വളരെ ശ്രമകരമായ സാഹചര്യമാണ്, ലോകമെമ്പാടുമുള്ള മികച്ച കായികതാരങ്ങൾ ഒത്തുചേരുമ്പോള്‍ ഇക്കാര്യം പ്രവചിക്കാൻ കഴിയുന്ന ഒന്നല്ല.
also read: ടോക്കിയോ ഒളിമ്പിക്‌സിന് തയ്യാറെടുക്കുന്നവർക്ക് ആശംസ അറിയിച്ച് പ്രധാനമന്ത്രി
പക്ഷേ, ആത്മവിശ്വാസത്തോടെയും ആര്‍ജവത്തോടെയും ഞാന്‍ പറയുന്നു, മത്സരിക്കാനും വിജയിക്കാനുമാണ് ഇന്ത്യ അവിടേയ്ക്ക് പോകുന്നത്. നമുക്ക് മെഡലുകൾ നേടാനുള്ള കഴിവുണ്ട്. ഇതാണ് ഇപ്പോഴത്തെ ഇന്ത്യൻ കായികരംഗത്തിന്‍റെ നിലവാരം. എല്ലാ കാലത്തതിനേക്കാളും മികച്ച പ്രകടനം ടോക്കിയോയില്‍ നടത്താന്‍ കഴിയുമെന്നാണ് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നത്' കേന്ദ്ര കായിക മന്ത്രി പറഞ്ഞു.
അതേസമയം ജൂലൈ 23 മുതല്‍ക്ക് ഓഗസ്റ്റ് എട്ട് വരെയാണ് ടോക്കിയോ ഒളിമ്പിക്സ് നടക്കുക. ഇതേവരെ 110 അത്ലറ്റുകള്‍ ടോക്കിയോയ്‌ക്ക് യോഗ്യത നേടിയിട്ടുണ്ട്.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നടന്നുകൊണ്ടിരിക്കുന്ന വിവിധ ക്വാളിഫയറുകളിലൂടെ 120 മുതല്‍ 130 വരെ താരങ്ങള്‍ക്ക് ഒളിമ്പിക് യോഗ്യത നേടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020ല്‍ നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് കൊവിഡ് സാഹചര്യത്തിലാണ് ഈ വര്‍ഷത്തേക്ക് മാറ്റിയത്.