മാഡ്രിഡ്: യുവമിഡ്‌ഫീല്‍ഡര്‍ ഒറെലിയന്‍ ചൗമെനിക്കായി ഫ്രഞ്ച് ക്ലബ് മൊണാക്കോയുമായി സ്‌പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. 100 ദശലക്ഷം യൂറോയിലേറെ നല്‍കിയാണ് 22കാരനായ ചൗമെനിയെ റയല്‍ റാഞ്ചിയത്. 2027 വരെ നീണ്ടുനില്‍ക്കുന്ന അഞ്ച് വര്‍ഷത്തെ കരാറിലാവും താം റയലിലെത്തുക.
ഇത്തവണത്തെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ റയലിന്‍റെ ആദ്യ നീക്കമാണിത്. പിഎസ്‌ജി, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ ക്ലബ്ബുകളെ മറികടന്നാണ് റയല്‍ ചൗമെനിയെ സ്വന്തമാക്കുന്നത്. റയലിനായി കളിക്കാനുള്ള ചൗമെനിയുടെ താല്‍പ്പര്യത്തെ തുടര്‍ന്നാണ് പിഎസ്‌ജിയും ലിവർപൂളും പിന്മാറിയതെന്നാണ് റിപ്പോര്‍ട്ട്.
ഫ്രഞ്ച് ലീഗിന്‍റെ കഴിഞ്ഞ സീസണില്‍ മൂന്നാം സ്ഥാനത്തെത്തിയ മൊണാക്കോയ്‌ക്കായി തകര്‍പ്പന്‍ പ്രകടനം നടത്താന്‍ ചൗമെനിക്ക് കഴിഞ്ഞിരുന്നു. ക്ലബ്ബിനായി 35 മത്സരങ്ങള്‍ക്കിറങ്ങിയ താരം മൂന്ന് ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. ഫ്രാന്‍സ് ദേശീയ ടീമിലും ചൗമെനി സ്ഥിരസാന്നിധ്യമാണ്.