ന്യൂയോര്‍ക്ക്: ഹെവി വെയ്‌റ്റ് ബോക്‌സിങ് മുന്‍ ലോക ചാമ്പ്യന്‍ മൈക്ക് ടൈസണെതിരെ വീണ്ടും ബലാത്സംഗ പരാതി. 1990-കളുടെ തുടക്കത്തിൽ ടൈസണിന്‍റെ ആഡംബര വാഹനത്തില്‍ വച്ച് തന്നെ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് ന്യൂയോർക്ക് സ്റ്റേറ്റിലെ ഒരു സ്ത്രീയാണ് സിവിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ലൈംഗികാതിക്രമത്തിന് ഇരയായവർക്ക് സിവിൽ നഷ്ടപരിഹാരം തേടാൻ അനുവദിക്കുന്ന ന്യൂയോർക്ക് സ്റ്റേറ്റ് നിയമപ്രകാരം ജനുവരി ആദ്യവാരമാണ് സ്‌ത്രീ പരാതി നല്‍കിയിരിക്കുന്നത്.
അഞ്ച് മില്യണ്‍ ഡോളര്‍ നഷ്‌ടപരിഹാരമാണ് സ്‌ത്രീ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു നൈറ്റ്ക്ലബിൽ വെച്ചാണ് ടൈസണെ കണ്ട് മുട്ടിയതെന്ന് തന്‍റെ സത്യവാങ്മൂലത്തിൽ സ്‌ത്രീ പറയുന്നുണ്ട്. തുടര്‍ന്ന് തന്‍റെ ആഡംബര വാഹനത്തില്‍ കയറ്റിയ ശേഷം തന്നെ മൈക്ക് ടൈസണ്‍ ബലാത്സംഗം ചെയ്തു.
ഇതിന് മുന്നെ ആക്രമിച്ചെന്നും സ്‌ത്രീ പരാതില്‍ പറഞ്ഞു. ടൈസണിന്‍റെ ബലാത്സംഗത്തിന്‍റെ ഫലമായുണ്ടായ ശാരീരികവും മാനസികവുമായ തകര്‍ച്ചയില്‍ നിന്നും മോചിതയാകാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ പരാതിയോട് മൈക്ക് ടൈസണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
1992ൽ 18 വയസുള്ള മോഡലിനെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 59കാരനായ മൈക്ക് ടൈസണ്‍ മൂന്ന് വർഷം ജയിലിൽ കിടന്നു. ഇതിന് ശേഷം റിങ്ങില്‍ തിരിച്ചെത്തിയെങ്കിലും കിരീടങ്ങള്‍ നേടാന്‍ ടൈസണ് കഴിഞ്ഞിരുന്നില്ല.