കാൽപന്തുകളിയുടെ വശ്യമനോഹാരിതയെ തകർക്കുന്ന വർണവെറിയും വംശീയവിദ്വേഷവും മൈതാനങ്ങൾക്കൊപ്പം ഗാലറികളെയും പ്രക്ഷുബ്‌ദമാക്കുകയാണ്. യൂറോപ്യൻ ഫുട്‌ബോളിൽ എന്തുകൊണ്ടാണ് ഇത്രയേറെ വംശീയ മുറവിളികൾ ഉയരുന്നത്. ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന കുഴിബോംബ് പോലെ ഗാലറികളിൽ, അവരുടെ ആരവങ്ങളിൽ വംശീയത എക്കാലത്തും ഒളിഞ്ഞും തെളിഞ്ഞുമുണ്ടായിരുന്നു. തീവ്ര വലതുപക്ഷ രാഷ്‌ട്രീയത്തോട് ആഭിമുഖ്യം വർധിച്ചുവരുന്ന കാലത്ത് അത് കൂടുതൽ പ്രകടമായിക്കൊണ്ടിരിക്കുന്നു എന്ന് മാത്രം.
കറുത്ത വർഗക്കാർ പന്ത് തട്ടുമ്പോൾ, ഗോളടിച്ച് കളം നിറയുമ്പോൾ ഗാലറികളിൽ നിന്ന് ഉയർന്നുകേൾക്കുന്ന കുരങ്ങുവിളികൾ, ആരാധകർ മൈതാനങ്ങളിലേക്ക് വലിച്ചെറിയുന്ന കുപ്പികൾ, കറുത്ത വർഗക്കാരായ കളിക്കാർ സൈഡ് ലൈനിലേക്ക് നടന്നുനീങ്ങുമ്പോൾ ആക്രോശിക്കുന്ന കാണികൾ അങ്ങനെയങ്ങനെ ഗാലറികളിൽ നിന്ന് ഗാലറികളിലേക്ക് വംശീയത പടർന്നുപിടിക്കുകയാണ്. അതിന്‍റെ തീച്ചൂടിൽ മൈതാനങ്ങൾ എരിഞ്ഞുകത്തുകയാണ്.
യൂറോപ്യൻ കളിക്കളങ്ങൾ കാലാകാലങ്ങളായി കാത്തുവയ്ക്കുന്ന കറുത്തവനെതിരെയുള്ള വെളുത്തവന്‍റെ അധിക്ഷേപത്തിന് കാഴ്‌ച്ചക്കാരുടെ എണ്ണം വർധിക്കുന്നുണ്ട്. ലോകമെത്ര വളർന്നിട്ടും വംശമഹിമയിലും തൊലി നിറത്തിലും ഊറ്റംകൊള്ളുന്ന വെള്ളക്കാരന്‍റെ വംശീയ ഹുങ്കിന്‍റെ ഏറ്റവും പുതിയ ഇരയാണ് റയൽ മാഡ്രിഡിന്‍റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ. വർത്തമാന ഫുട്‌ബോളിലെ യുവതാരങ്ങളുടെ പട്ടികയെടുത്താൽ അതിൽ ഏറ്റവും മുന്നിലാണ് വിനിയുടെ സ്ഥാനം. അപാരമായ വേഗം കൊണ്ടും പന്തടക്കം കൊണ്ടും ഞൊടിയിടയിൽ എതിരാളികളെ നിഷ്‌പ്രഭരാക്കി കളിക്കത്തിൽ മിന്നൽ വേഗത്തിൽ കുതിക്കുന്ന വിനി നിരന്തരമായി നേരിടുന്ന വംശീയ അധിക്ഷേപങ്ങൾ ഏറെ വേദനിപ്പിക്കുന്നതാണ്. ചെറുപ്രായത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ക്ലബിന് വേണ്ടി നേടാവുന്ന കിരീടങ്ങളെല്ലാം സ്വന്തമാക്കിയ താരം കൂടിയാണ് വിനീഷ്യസ് ജൂനിയർ.
കഴിഞ്ഞ ദിവസം വലൻസിയക്കെതിരായ മത്സരത്തിലാണ് വിനീഷ്യസ് അവസാനമായി ആരാധകരുടെ വംശീയ വിദ്വേഷത്തിന് ഇരയായത്. ഈ സീസണിൽ മാത്രം അഞ്ച് തവണയാണ് 22-കാരനായ ബ്രസീലിയൻ താരം ആരാധകരുടെ വംശീയവെറിക്ക് ഇരയായത്. നിരന്തരമായി നേരിട്ട സംഭവവികാസങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ചെങ്കിലും കറുത്തവനോടുള്ള വെളുപ്പിന്‍റെ രാഷ്‌ട്രീയം നിരന്തരമായി വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. സെവിയ്യയുടെ മെസ്റ്റല്ല സ്റ്റേഡിയം ഒന്നടങ്കം വിനിക്കെതിരെ വിദ്വേഷ ചാന്‍റുകൾ മാത്രമാണ് മുഴക്കിയത്.
മയ്യോർക, അത്‌ലറ്റികോ, ബാഴ്‌സലോണ, ജിറോണ, ഒസാസുന, റയൽ വല്ലഡോലിഡ് എന്നീ ടീമുകളുടെ ആരാധകരും ബ്രസീലിയൻ താരത്തെ അധിക്ഷേപിച്ചിട്ടുണ്ട്. ഒരു കളിക്കാരൻ നേരിടാവുന്ന എല്ലാവിധ വംശീയ അധിക്ഷേപങ്ങളുടെ വേദനയും വിനി ഈ സീസണിൽ അനുഭവിച്ചു കഴിഞ്ഞു. എന്നാൽ ഇതിനെതിരെ ശക്തമായി നടപടി ലാലിഗയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല എന്നതാണ് വേദനിപ്പിക്കുന്ന വസ്‌തുത.
മൊസാംബികിൽ നിന്നും കോംഗോയിൽ നിന്നും അംഗോളയിൽ നിന്നും പോർച്ചുഗീസുകാർ ബ്രസീലിലേക്ക് കൊണ്ടുവന്ന കറുത്ത വർഗക്കാരുടെ പിന്മുറക്കാരാണ് പെലെയും നെയ്‌മറും ഇന്നത്തെ വിനീഷ്യസുമെല്ലാം. വശ്യമനോഹര ഫുട്‌ബോൾ കളിച്ചാണ് അവർ ലോകം കീഴടക്കിയത്. 2012ൽ സ്പാനിഷ് ലീഗിലെ ബാഴ്‌സലോണ-വിയ്യാറയൽ മത്സരത്തിൽ ബ്രസീലിയൻ താരം ഡാനി ആൽവസിന് വിയ്യാറയൽ ആരാധകർ കുരങ്ങന് പഴം എറിഞ്ഞുകൊടുക്കുന്ന പോലെ മൈതാനത്തേക്ക് വാഴപ്പഴം എറിഞ്ഞുനൽകിയിട്ടുണ്ട്.
യൂറോപ്പിലെ ഗാലറികളിൽ കുരങ്ങുവിളികൾ വ്യാപകമായിക്കൊണ്ടിരിക്കുന്ന സമയത്താണ് ഡാനിക്ക് നേരെ ഇങ്ങനെയൊരു സംഭവം ഉണ്ടാകുന്നത്. എന്നാൽ വംശീയാധിക്ഷേപങ്ങളിൽ വൈകാരികമായി താരങ്ങൾ തളർന്നുപോകുന്നത് കണ്ട് ശീലിച്ച യൂറോപ്പിലെ ഗാലറികൾക്ക് അന്ന് പിഴച്ചു. എറിഞ്ഞുകൊടുത്ത പഴം കോർണർ ഫ്‌ളാഗിന് തൊട്ടടുത്ത നിന്നെടുത്ത് കഴിച്ച ഡാനി ആൽവസ് ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ കളി തുടരുകയായിരുന്നു. അന്നുവരെ യൂറോപ്യൻ ഫുട്‌ബോളിൽ കണ്ട ഏറ്റവും മനോഹരമായ പ്രതിഷേധമായിരുന്നുവത്.
2005ൽ ബാഴ്‌സലോണ ഇതിഹാസം സാമുവൽ എറ്റോ, 2011ൽ ബ്രസീലിയൻ ഇതിഹാസം റോബർട്ടോ കാർലോസ്, 2014 ൽ സാന്‍റോസ് ഗോൾകീപ്പർ അരാന, 2018ൽ റഹീം സ്റ്റെർലിംഗും അടക്കം വംശീയധിക്ഷേപങ്ങളിൽ മുറിവേറ്റവരുടെ പട്ടിക വിനീഷ്യസ് വരെ എത്തിനിൽക്കുകയാണ്. 'എന്തുകൊണ്ടാണ് നിങ്ങൾ എപ്പോഴും എന്നെ വേട്ടയാടുന്നത്' (Why always me) എന്നു ചോദിച്ചു മരിയോ ബലോട്ടലിയും, സുവാരസിന്‍റെ വംശീയധിക്ഷേപത്തിനിരയായ ശേഷം കളിക്കളത്തിൽ തന്നെ മറുപടി നൽകിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പാട്രിക് എവ്രയുമൊക്കെ ഈ വിപത്തിന്‍റെ തീക്കനലിൽ വെള്ളമൊഴിക്കാൻ പാടുപെട്ടവരാണ്.
2020ൽ പോർച്ചുഗീസ് ലീഗിലെ പോർട്ടോയുടെ താരമായിരുന്ന മോസോ മരേഖ സമാനമായ രീതിയിൽ വംശീയധിക്ഷേപം നേരിട്ട് തെല്ലും കൂസാതെ ആ മത്സരത്തിൽ വലകുലുക്കി ഗാലറിയെ നിശബ്‌ദമാക്കിയിരുന്നു. ഗോളടിച്ച ശേഷം തന്‍റെ തൊലി നിറം ഗാലറിയെ അഭിമാനത്തോടെ കാണിച്ചുകൊടുത്തതും വർഗ്ഗ-വർണ്ണ വെറിയൻമാർക്ക് കിട്ടിയ തിരിച്ചടികളിലൊന്നാണ്. യൂറോ കപ്പ് യോഗ്യത മത്സരത്തിൽ നെതർലൻഡ്‌സ്- എസ്റ്റോണിയ മത്സരത്തിൽ ഗോൾ നേടിയ ജോർജനിയോ വൈനാൾഡം സഹതാരമായ ഫ്രാങ്കി ഡി ജോങ്ങിനെ കൂട്ടി ടച്ച് ലൈനിന് സമീപം വന്ന് വർണ്ണ വെറിക്കെതിരെ വ്യത്യസ്‌ത നിറങ്ങളിലുള്ള ഇരുവരുടെയും കൈകൾ ചൂണ്ടിക്കാട്ടി നടത്തിയ ആഘോഷവും ഫുട്‌ബോൾ ലോകം മറക്കാനിടയില്ലാത്ത പ്രതിഷേധങ്ങളിലൊന്നാണ്.
യൂറോപ്പിന്‍റെ കളിക്കളങ്ങളിലും ഗാലറികളിലും ശരവേഗത്തിൽ പടർന്നുപിടിക്കുന്ന വംശീയതയെ പിടിച്ചുകെട്ടാൻ കാമ്പയ്‌നുകൾക്ക് ഒരു കുറവും ഉണ്ടായിട്ടില്ല. 'Say No To Racism' എന്ന പേരിൽ യുവേഫ ചാമ്പ്യൻസ് ലീഗിലും 'No room for racism' എന്ന പേരിൽ പ്രീമിയർ ലീഗിലും കാമ്പയ്‌നുകൾ നടക്കുമ്പോഴും വംശീയാധിക്ഷേപങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. നിരവധി താരങ്ങളുടെ കണ്ണുകളെ ഈറനണിയിച്ച വംശീയ പോർവിളികൾ പഴയതിനേക്കാൾ വേഗതയിൽ മൈതാനങ്ങളെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്.