ചണ്ഡിഗഡ്: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യന്‍ പ്രതീക്ഷയാണ് ബോക്സര്‍ അമിക് പങ്കല്‍. ജൂലൈ 23 മുതൽ ആരംഭിക്കുന്ന ലോക കായിക മാമാങ്കത്തില്‍ താനുണ്ടാവുമെന്ന് ഏഷ്യൻ ഗെയിംസ് ചാമ്പ്യൻ കൂടിയായ താരം സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇടിവി ഭാതിനോട് മനസു തുറന്നിരിക്കുകയാണ് താരം.
ഒളിമ്പിക്സിന് യോഗ്യത നേടിയത് തന്‍റെ ഉത്തരവാദിത്വം വര്‍ധിപ്പിച്ചതായി 25കാരനായ പങ്കല്‍ പറഞ്ഞു. "ഒരു സമ്മർദ്ദവുമില്ല, പക്ഷേ.. , ഇപ്പോൾ ഉത്തരവാദിത്വം വളരെയധികം വർധിച്ചു. എല്ലായെപ്പോഴും നാട്ടുകാരുടെ പ്രതീക്ഷകൾക്ക് അനുസൃതമായി ജീവിക്കുക പ്രയാസമാണ്. ഇപ്പോൾ അതിന്‍റെ ഉത്തരവാദിത്വം എന്‍റെ മേലുണ്ട്." പങ്കല്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ലോകത്തെ നിരവധി ബോക്സർമാരുമായി മത്സരിച്ച താരത്തോട്, നേരിട്ടതിൽ വച്ച് ഏറ്റവും വെല്ലുവിളിയായ ബോക്സർമാരെക്കുറിച്ച് ചോദിച്ചപ്പോൾ ഉസ്ബെക്കിസ്ഥാൻ താരങ്ങളാണെന്നായിരുന്നു പങ്കലിന്‍റെ മറുപടി.
"ഉസ്ബെക്കിസ്ഥാൻ ബോക്സർമാർ കടുത്ത പോരാട്ടം നടത്തുന്നവരാണ്, അവർ ആക്രമണ ബോക്സിങ് കളിക്കുന്നു." പങ്കല്‍ പറഞ്ഞു. ഒളിമ്പിക്സിനായുള്ള തന്‍റെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായും താരം കൂട്ടിച്ചേര്‍ത്തു. "ഞാൻ എന്‍റെ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി, ഞങ്ങളുടെ ടീം മുഴുവനും അതിന് തയ്യാറാണ്." പങ്കല്‍ പ്രതികരിച്ചു.
"ലോക്ക്ഡൗണ്‍ കാലത്ത് ഞാൻ തുടർച്ചയായി പരിശീലിച്ചു. ഹരിയാനയിലെ റോഹ്തക്കിലാണ് ഞാന്‍ താമസിക്കുന്നത്. പരിശീലിക്കുന്നതിനും വ്യായാമം ചെയ്യുന്നതിനും അവിടെ ഗ്രൗണ്ടുകളും അടിസ്ഥാന സൗകര്യങ്ങളുമുണ്ട്" താരം പറഞ്ഞു. പങ്കലിന്‍റെ ആദ്യ ഒളിമ്പിക്സ് കൂടിയാണിത്. 52 കിലോ ഫ്ലൈവെയ്റ്റ് വിഭാഗത്തിലാണ് താരം മത്സരിക്കുക.