ലിസ്ബന്‍: പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ റാഫ സില്‍വ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഖത്തര്‍ ലോകകപ്പിന് രണ്ട് മാസം മാത്രം ശേഷിക്കെയാണ് 29 കാരനായ റാഫ സില്‍വയുടെ അപ്രതീക്ഷിത വിരമിക്കല്‍. പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫിക്കയുടെ താരമായ റാഫ സീസണില്‍ മിന്നുന്ന ഫോമിലാണ്.
ഇതിനകം 13 മത്സരങ്ങളില്‍ നിന്നും ആറ് ഗോളുകളും നാല് അസിസ്റ്റും താരം സ്വന്തമാക്കിയിട്ടുണ്ട്. പ്രകടനത്തിന് പിന്നാലെ നടക്കാനിരിക്കുന്ന യുവേഫ നേഷന്‍സ് ലീഗിനുള്ള പോര്‍ച്ചുഗല്‍ ടീമില്‍ റാഫയെ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്‍റോസ് ഉള്‍പ്പെടുത്തിയിരുന്നു. ഖത്തര്‍ ലോകകപ്പിനുള്ള ടീമില്‍ ഏറെക്കുറെ സ്ഥാനം ഉറപ്പിച്ച താരം കൂടിയായിരുന്നു റാഫ.
ദേശീയ ടീമിനെ പ്രതിനിധീകരിക്കാൻ ഇനി മുതല്‍ ലഭ്യമല്ലെന്ന് പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷനെയും കോച്ചിനേയും അറിയിച്ചതായി റാഫ പ്രതികരിച്ചു. കരിയറിലെ ഈ ഘട്ടത്തിൽ ഇത് സത്യസന്ധവും ശരിയായതുമായ തീരുമാനമാണെന്ന് വിശ്വസിക്കുന്നു. വ്യക്തിപരമായ കാരണങ്ങളാലെടുത്ത തീരുമാനത്തെ എല്ലാവരും അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നാതായും റാഫ പറഞ്ഞു.
ടീമിനെ പിന്തുണയ്‌ക്കുന്നവരുടെ മുൻ നിരയിൽ താന്‍ എപ്പോഴും ഉണ്ടാകുമെന്ന് റാഫ കൂട്ടിച്ചേര്‍ത്തു. പോര്‍ച്ചുഗലിനായി ഇതേവരെ 25 മത്സരങ്ങളിലാണ് താരം കളിച്ചിട്ടുള്ളത്. ടീമിനൊപ്പം 2016ലെ യൂറോ കപ്പും, 2019ലെ യുവേഫ നേഷന്‍സ് ലീഗ് കിരീടവും റാഫ സ്വന്തമാക്കിയിട്ടുണ്ട്.
2014ലെ ലോകകപ്പ്, 2016, 2020 യൂറോ കപ്പ് എന്നിവയ്‌ക്കുള്ള പോര്‍ച്ചുഗല്‍ ടീമിലും റാഫ ഉള്‍പ്പെട്ടിരുന്നു. എന്നാൽ മൂന്ന് ടൂർണമെന്‍റുകളിലുമായി 52 മിനിട്ട് മാത്രമാണ് താരം മൈതാനത്തിറങ്ങിയത്.