ദോഹ : 36 വര്‍ഷം നീണ്ട കാത്തിരിപ്പാണ് ലയണല്‍ മെസിയുടെ അര്‍ജന്‍റീന ഇന്നലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ അവസാനിപ്പിച്ചത്. ലോകകപ്പിന്‍റെ കലാശപ്പോരില്‍ ഫ്രാന്‍സിനെ കീഴടക്കി കിരീടമുയര്‍ത്തുമ്പോള്‍ 35 വയസാണ് മെസിയുടെ പ്രായം. ഇത് തന്‍റെ അവസാന ലോകകപ്പാണെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ അടുത്ത ലോകകപ്പിലും കളിക്കാന്‍ ലയണല്‍ മെസി ആഗ്രഹിച്ചാല്‍ താരത്തിന്‍റെ 10ാം നമ്പര്‍ ജഴ്‌സി തയ്യാറാക്കി വയ്‌ക്കുമെന്നാണ് അര്‍ജന്‍റൈന്‍ കോച്ച് ലയണല്‍ സ്‌കലോണി പറയുന്നത്. "മെസിക്ക് കളിക്കാൻ തോന്നുന്നുവെങ്കിൽ അടുത്ത ലോകകപ്പിനായി ഞങ്ങൾ 10ാം നമ്പർ ജഴ്സി തയ്യാറാക്കണമെന്നാണ് ഞാന്‍ കരുതുന്നത്.
കരിയറിൽ താൻ ആഗ്രഹിക്കുന്നതെന്തും ചെയ്യാനുള്ള അവകാശം മെസി നേടിയിട്ടുണ്ട്. ടീമംഗങ്ങൾക്ക് അദ്ദേഹം നല്‍കുന്ന ആത്മവിശ്വാസം അവിശ്വസനീയമാണ്. ഡ്രസിങ് റൂമില്‍ ഇത്രയും സ്വാധീനമുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല" - സ്‌കലോണി പറഞ്ഞു.
ബ്രസീലിനെ തോല്‍പ്പിച്ച് കോപ്പ അമേരിക്ക നേടിയതിന് ശേഷം രാജ്യത്തെ ജനങ്ങള്‍ തങ്ങളില്‍ ഏറെ പ്രതീക്ഷവച്ചു. ഇത് വലിയ സമ്മര്‍ദത്തിന് കാരണമായിരുന്നു. മെസിയുമായി സംസാരിച്ചപ്പോള്‍ മറ്റൊന്നും കാര്യമാക്കാതെ നമുക്ക് മുന്നോട്ട് പോകണമെന്നാണ് അദ്ദേഹം പറഞ്ഞത്. അത് തന്നെ സംബന്ധിച്ച് വൈകാരികമായ വലിയ ഉത്തേജനമായിരുന്നുവെന്നും അര്‍ജന്‍റൈന്‍ പരിശീലകന്‍ പറഞ്ഞു.
1986-ൽ ഡീഗോ മറഡോണയുടെ നേതൃത്വത്തിലാണ് അര്‍ജന്‍റീന ഇതിന് മുമ്പ് ലോകകപ്പ് നേടിയത്. ഇതിഹാസ താരത്തിന്‍റെ വിയോഗത്തിന് രണ്ട് വർഷത്തിന് ശേഷമാണ് ടീം മറ്റൊരു ലോകകപ്പ് നേടുന്നത്. എവിടെയായിരുന്നാലും മറഡോണ തങ്ങളുടെ നേട്ടത്തില്‍ അഭിമാനിക്കുമെന്നും സ്‌കലോണി കൂട്ടിച്ചേര്‍ത്തു.