ദോഹ: ഖത്തറില്‍ ചരിത്രം രചിച്ച് മടങ്ങാനാണ് അര്‍ജന്‍റീനയും മെസിയും കാത്തിരിക്കുന്നത്. ഇന്ന് ലുസൈന്‍ സ്റ്റേഡിയത്തില്‍ നേര്‍ക്കുനേരെത്തുമ്പോള്‍ ഫ്രാന്‍സിനോട് പഴയ കണക്ക് വീട്ടി കപ്പുയര്‍ത്താനാവുമെന്നാണ് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരുടെ പ്രതീക്ഷ. മിന്നും ഫോമിലുള്ള നായകന്‍ മെസിയുടെ പിന്നില്‍ ഉറച്ച് നില്‍ക്കുന്ന ഒരുപിടി താരങ്ങളാണ് അര്‍ജന്‍റൈന്‍ സംഘത്തിന്‍റെ കരുത്ത്.
അടുത്ത ലോകകപ്പിനില്ലെന്ന് ഇതിനകം പ്രഖ്യാപിച്ച് കഴിഞ്ഞ 35കാരന്‍ വിശ്വകിരീടത്തിനായി തന്‍റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഖത്തര്‍ ലോകകപ്പോടെ താരം ബൂട്ടഴിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. എന്നാല്‍ 50 വയസ് വരെ മെസിക്ക് കളിക്കാനാവുമെന്നാണ് ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡിഞ്ഞോ പറയുന്നത്.
"മെസിയുടെ അവസാനത്തെ ലോകകപ്പായിരിക്കും ഇതെന്നാണ് പറയപ്പെടുന്നത്. ഈ കിരീടത്തിലേക്ക് എത്താന്‍ സാധ്യമായതെല്ലാം മെസി ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. 50 വയസുവരെ മെസിക്ക് കളിക്കാന്‍ കഴിയും എന്നാണ് ഞാന്‍ പറയുക. കാരണം ഏറെ നിലവാരം മെസിക്കുണ്ട്", റൊണാള്‍ഡിഞ്ഞോ പറഞ്ഞു. സ്‌പാനിഷ് ക്ലബ് ബാഴ്‌സയ്‌ക്കായി നേരത്തെ ഇരുവരും ഒരുമിച്ച് പന്ത് തട്ടിയിട്ടുണ്ട്.
ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയെക്കുറിച്ചും 42കാരനായ റൊണാള്‍ഡിഞ്ഞോ സംസാരിച്ചു. എംബാപ്പെയുടെ കളി കാണാന്‍ ഇഷ്‌ടപ്പെടുന്നു. വളരെ ചെറുപ്പമായ താരത്തിന് എല്ലാ ഗുണങ്ങളുമുണ്ട്. വേഗതയും മിച്ച ഡ്രിബിളിങ്ങും അവനെ വ്യത്യസ്‌തനാക്കുന്നു. ഇത്തരം താരങ്ങളുടെ കളി കാണാനാണ് ബ്രസീലുകാർ ഇഷ്‌ടപ്പെടുന്നതെന്നും റൊണാള്‍ഡിഞ്ഞോ കൂട്ടിച്ചേര്‍ത്തു.