കൊല്‍ക്കത്ത: നെയ്‌മര്‍ എന്ന സൂപ്പര്‍ താരത്തെ മാത്രം ആശ്രയിക്കുന്ന ടീമല്ല ഇപ്പോഴത്തെ ബ്രസീലെന്ന് ഇതിഹാസ ഫുട്‌ബോളര്‍ കഫു. ലോകകപ്പില്‍ ആറാം കിരീടം നേടാന്‍ ബ്രസീല്‍ സജ്ജമാണെന്നും താരം പറഞ്ഞു. ഇന്ത്യയിൽ നാല് ദിവസത്തെ സന്ദർശനത്തിനെത്തിയ കഫു മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
"ഇപ്പോള്‍, പ്രത്യേകിച്ച് ഈ വര്‍ഷം ബ്രസീൽ നെയ്‌മറെ ആശ്രയിക്കുന്നില്ല. വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ, റിച്ചാര്‍ലിസണ്‍, ലുക്കാസ് പാക്വറ്റ തുടങ്ങിയ ഒരുപിടി മിച്ച താരങ്ങള്‍ ഇപ്പോഴത്തെ ബ്രസീല്‍ ടീമിന്‍റെ ഭാഗമാണ്.
ഈ ടീമിന് ബ്രസീലിനായി ലോക കപ്പ് നേടാൻ കഴിയും. നാലു വര്‍ഷം മുമ്പായിരുന്നു ചോദ്യമെങ്കില്‍ ടീം നെയ്‌മറെ ആശ്രയിക്കുന്നുവെന്ന് ഞാന്‍ പറയുമായിരുന്നു. നാല് വർഷം മുമ്പ് എല്ലാം നെയ്‌മറായിരുന്നു. എന്നാല്‍ ഈ വർഷം ടീം വളരെ വ്യത്യസ്തമാണ്". കഫു പറഞ്ഞു.
ബ്രസീലിനൊപ്പം രണ്ട് ലോകകപ്പുകള്‍ നേടാന്‍ കഫുവിന് കഴിഞ്ഞിട്ടുണ്ട്. അതേസമയം 2002ന് ശേഷം ലോകകപ്പ് കിരീടം നേടാന്‍ കാനറികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതോടെ രണ്ട് പതിറ്റാണ് നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാനാവും ടിറ്റെയുടെ സംഘം ഇക്കുറി ഖത്തറില്‍ പോരടിക്കാനിറങ്ങുന്നത്.
ഗ്രൂപ്പ് ജിയിൽ സെർബിയ, സ്വിറ്റ്‌സർലൻഡ്, കാമറൂൺ എന്നിവരാണ് സംഘത്തിന്‍റെ എതിരാളികള്‍. നവംബര്‍ 20ന് ആരംഭിക്കുന്ന ഖത്തര്‍ ലോകകപ്പില്‍ 24ന് സെര്‍ബിയയ്‌ക്ക് എതിരെയാണ് ബ്രസീലിന്‍റെ ആദ്യ മത്സരം.
Also read: 'ഫുട്‌ബോളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കൂ'; ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകൾക്ക് കത്തയച്ച് ഫിഫ