ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ (ഐഒഎ) ആദ്യ വനിത പ്രസിഡന്‍റായി ഇതിഹാസതാരം പി ടി ഉഷയെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. സുപ്രീംകോടതി നിയമിച്ച, വിരമിച്ച സുപ്രീംകോടതി ജഡ്‌ജി എൽ നാഗേശ്വര റാവുവിന്‍റെ മേൽനോട്ടത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ എതിരില്ലാതെയാണ് ഉഷയെ തെരഞ്ഞെടുത്തത്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ തലപ്പത്തെത്തുന്ന ആദ്യ മലയാളി എന്ന നേട്ടവും പി ടി ഉഷ ഇതോടെ സ്വന്തമാക്കി.
1934ൽ ഒരു ടെസ്റ്റ് മത്സരം കളിച്ച മഹാരാജ യാദവീന്ദ്ര സിങ്ങിന് ശേഷം ഐഒഎ മേധാവിയായ ആദ്യ കായികതാരം കൂടിയാണ് പി ടി ഉഷ. 1938 മുതൽ 1960 വരെയാണ് മഹാരാജ യാദവീന്ദ്ര ഐഒഎയുടെ പ്രസിഡന്‍റ് പദവി അലങ്കരിച്ചിരുന്നത്. രാഷ്‌ട്രീയ ഭരണ രംഗത്തുള്ളവരാണ് പൊതുവെ ഐഒഎയുടെ തലപ്പത്തെത്താറുള്ളത്. ഇതിനൊരു മാറ്റമാണ് പി ടി ഉഷയിലൂടെ സാധ്യമായത്.
2021 ഡിസംബറിലാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലേക്കുന്ന തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ വിഭാഗീയതയെത്തുടർന്ന് തെരഞ്ഞെടുപ്പ് നീണ്ടുപോയതോടെ ഈ മാസം തെരഞ്ഞെടുപ്പ് നടന്നില്ലെങ്കിൽ ഐഒഎയെ സസ്‌പെൻഡ് ചെയ്യുമെന്ന് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് നടത്താൻ ഐഒഎ തീരുമാനിച്ചത്.
ഈ വർഷം ജൂലൈയിൽ പി ടി ഉഷയെ കേന്ദ്രസർക്കാർ രാജ്യ സഭയിലേക്ക് നോമിനേറ്റ് ചെയ്‌തിരുന്നു. ഇതിലൂടെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യുന്ന ആദ്യ മലയാളി വനിത എന്ന നേട്ടവും പി ടി ഉഷ സ്വന്തമാക്കിയിരുന്നു. നേരത്തെ ഏഷ്യന്‍ അത്ലറ്റിക്‌സ് ഫെഡറേഷന്‍റെയും ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍റെയും നിരീക്ഷക പദവിയും ഉഷ വഹിച്ചിരുന്നു.
പയ്യോളി എക്‌സ്പ്രസ്: 14 വര്‍ഷം നീണ്ട കരിയറില്‍ നൂറിലേറെ അന്താരാഷ്ട്ര മെഡലുകളും ആയിരത്തിലേറെ ദേശീയ മെഡലുകളും സ്വന്തമാക്കിയ അത്‌ലറ്റാണ് പി ടി ഉഷ. 1984 ഒളിമ്പിക്‌സ് 400 മീറ്റർ ഹർഡിൽസ് ഫൈനലിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ഇന്ത്യയുടെ പയ്യോളി എക്‌സ്പ്രസ് ചരിത്രം സൃഷ്‌ടിച്ചിരുന്നു.
ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാംപ്യൻഷിപ്പിലുമായി 19 സ്വർണമടക്കം 33 മെഡലുകൾ ഉഷ നേടിയിട്ടുണ്ട്. തുടർച്ചയായ 4 ഏഷ്യൻ ഗെയിംസുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലീറ്റായി. 1985ലെ ജക്കാർത്ത ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ ഇന്ത്യയ്ക്കു വേണ്ടി 5 സ്വർണമടക്കം 6 മെഡലുകളായിരുന്നു ഉഷ നേടിയത്.
തെരഞ്ഞെടുക്കപ്പട്ട മറ്റുള്ളവർ: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ സീനിയർ വൈസ് പ്രസിഡന്‍റായി നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എൻആർഎഐ) അജയ് പട്ടേൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്‍റുമാരായി ഒളിമ്പിക്‌സ് മെഡൽ ജേതാവ് ഷൂട്ടർ ഗഗൻ നാരംഗും, റോവിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്‍റ് രാജ്‌ലക്ഷ്‌മി സിങ് ദേവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യൻ വെയ്‌റ്റ്ലിഫ്‌റ്റിങ് ഫെഡറേഷൻ (ഐഡബ്ല്യുഎഫ്) പ്രസിഡന്‍റ് സഹദേവ് യാദവിനെ ട്രഷററായും തെരഞ്ഞെടുത്തു. ജോയിന്‍റ് സെക്രട്ടറിയായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്രസിഡന്‍റും മുൻ ഗോൾകീപ്പറുമായ കല്യാൺ ചൗബെയും (പുരുഷൻ), ബാഡ്‌മിന്‍റണ്‍ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ബിഎഐ) അളകനന്ദ അശോകും (വനിത) തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.