പാരീസ്: വീണ്ടുമൊരു ലോകകപ്പിനായുള്ള അര്‍ജന്‍റീനയുടെ 36 വര്‍ഷത്തെ കാത്തിരിപ്പാണ് ലയണല്‍ മെസിയും സംഘവും ഖത്തറില്‍ അവസാനിപ്പിച്ചത്. ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ കലാശപ്പോരില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെയാണ് സംഘം കീഴടക്കിയത്. കൈയെത്തും ദൂരത്ത് പലതവണ നഷ്‌ടമായ ലോകകപ്പ് വിരമിക്കും മുമ്പ് രാജ്യത്തിനായി നേടിയെടുക്കുകയെന്ന 35കാരനായ മെസിയുടെ സ്വപ്‌ന സാക്ഷാത്കാരം കൂടിയാണ് ഇവിടെ നിറവേറിയത്.
ഇതിന് പിന്നാലെ തന്‍റെ ക്ലബായ പിഎസ്‌ജിയുടെ ഹോം ഗ്രൗണ്ടായ പാര്‍ക്ക് ഡെസ് പ്രിന്‍സസില്‍ ലോകകപ്പ് പ്രദര്‍ശിപ്പിക്കണമെന്ന ആഗ്രഹം മെസി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മെസിയുടെ ഈ ആഗ്രഹം നടക്കില്ലെന്നാണ് നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ലോകകപ്പ് ഫൈനലില്‍ തങ്ങളുടെ രാജ്യത്തെ പരാജയപ്പെടുത്തി മെസിയും സംഘവും നേടിയ ലോകകപ്പ് പാരീസില്‍ പ്രദര്‍ശിപ്പിക്കുന്നത് ആരാധകര്‍ക്ക് ഇഷ്‌ടപ്പെടില്ലെന്നാണ് പിഎസ്‌ജി ഭയക്കുന്നത്.
കൂടാതെ ചില അർജന്‍റൈന്‍ താരങ്ങള്‍ ഫ്രാൻസിനും എംബാപ്പെയ്ക്കും നേരെ നടത്തിയ കളിയാക്കലുകള്‍ ആരാധകരുടെ രോഷത്തിന് കാരമായിട്ടുണ്ടെന്നും ക്ലബ് അധികൃതര്‍ കണക്കു കൂട്ടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ലോകകപ്പ് പ്രദര്‍ശിപ്പിക്കാനുള്ള അനുമതി മെസിക്ക് ക്ലബ് നല്‍കില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ അര്‍ജന്‍റീന ഫ്രാന്‍സിനെ മറികടന്നത്. ഇതിന് പിന്നാലെ അര്‍ജന്‍റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയെ കളിയാക്കിയത് ഏറെ വിവാദമായിരുന്നു. അര്‍ജന്‍റീനയുടെ വിക്‌ടറി പരേഡിനിടെ എംബാപ്പെയുടെ മുഖമുള്ള പാവക്കുട്ടിയുമായാണ് എമി എത്തിയത്. ക്യാപ്റ്റന്‍ ലയണല്‍ മെസി എമിയെ തടയാതിരുന്നതും ആളുകള്‍ വിമര്‍ശിച്ചിരുന്നു.