പാരീസ്: ഖത്തര്‍ ലോകകപ്പിനൊരുങ്ങുന്ന അര്‍ജന്‍റീനയ്‌ക്ക് വമ്പന്‍ ആശ്വാസം. ക്യാപ്റ്റൻ ലയണല്‍ മെസിയുടെ പരിക്ക് ഗുരുതരമല്ലെന്ന് താരത്തിന്‍റെ ക്ലബ് പിഎസ്‌ജി അറിയിച്ചു. ലോകകപ്പിന് രണ്ട് ആഴ്‌ചകള്‍ മാത്രം ശേഷിക്കെ താരത്തിന്‍റെ കാൽക്കുഴയ്ക്ക് പരിക്കേറ്റത് വലിയ ആശങ്കയ്‌ക്ക് വഴിയൊരുക്കിയിരുന്നു.
ഫ്രഞ്ച് ലീഗില്‍ ലോറിയന്‍റിനെതിരായ മത്സരത്തില്‍ താരത്തെ കളിപ്പിക്കാതിരുന്നതെന്ന് ഇതു വര്‍ധിപ്പിക്കുകയും ചെയ്‌തു. എന്നാല്‍ മുൻകരുതലിന്‍റെ ഭാഗമായാണ് മെസിയെ കളിപ്പിക്കാതിരുന്നതെന്ന് പിഎസ്‌ജി പ്രസ്താവനയിൽ പറഞ്ഞു. അടുത്ത ആഴ്‌ച തന്നെ ലയണല്‍ മെസി പരിശീലനം പുനരാരംഭിക്കുമെന്നും ക്ലബ് വ്യക്തമാക്കി.
നിലവില്‍ ഫോം വീണ്ടെടുത്ത താരം പിഎസ്‌ജിയ്‌ക്കായി തകര്‍പ്പന്‍ കളിയാണ് പുറത്തെടുക്കുന്നത്. ക്ലബിനായി സീസണില്‍ 12 ഗോളും 14 അസിസ്റ്റും താരം നേടിയിട്ടുണ്ട്. നടക്കാനിരിക്കുന്നത് തന്‍റെ അവസാന ലോകകപ്പ് ആവുമെന്ന് നേരത്തെ തന്നെ താരം വ്യക്തമാക്കിയിരുന്നു.
1986ന് ശേഷം മറ്റൊരു ലോകകിരീടം ലക്ഷ്യം വയ്‌ക്കുന്ന അർജന്‍റീനയ്‌ക്ക് മെസിയുടെ ബൂട്ടുകളില്‍ വലിയ പ്രതീക്ഷയാണുള്ളത്. ലോകകപ്പിലെ ഫേവറേറ്റുകളുടെ പട്ടികയില്‍ മുന്നില്‍ തന്നെയാണ് ടീമുള്ളത്. അവസാന 35 മത്സരങ്ങളില്‍ അപരാജിത കുതിപ്പുമായാണ് സംഘം ഖത്തര്‍ പോരിനെത്തുന്നത്.
നവംബര്‍ 20നാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഗ്രൂപ്പ് സിയില്‍ സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട് എന്നിവരാണ് അര്‍ജന്‍റീനയുടെ എതിരാളികള്‍. 22ന് സൗദി അറേബ്യയ്‌ക്കെതിരായാണ് സംഘത്തിന്‍റെ ആദ്യ മത്സരം.
also read: '5,760 മിനിറ്റ് ഫുട്‌ബോളിനായി 15,000 ജീവനുകള്‍'; ഖത്തറിനെതിരെ പ്രതിഷേധവുമായി ബുണ്ടസ് ലീഗ ആരാധകര്‍