ലണ്ടന്‍: പ്രൊഫഷനല്‍ ഫുട്ബോളേഴ്‌സ് അസോസിയേഷന്‍റെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കി ലിവര്‍പൂളിന്‍റെ ഈജിപ്ഷ്യന്‍ സ്ട്രൈക്കര്‍ മുഹമ്മദ് സലാഹ്. ചെല്‍സിയുടെ ഓസ്‌ട്രേലിയന്‍ താരം സാമന്ത കെറിനാണ് വനിത പുരസ്‌കാരം. തുടര്‍ച്ചയായി രണ്ടാം തവണ ഈ അവാർഡ് സ്വന്തമാക്കുന്ന സലാഹിനിത് അഞ്ചു വര്‍ഷത്തിനിടെ മൂന്നാം പുരസ്‌കാരമാണിത്.
23 ഗോളുകളുമായി സീസണില്‍ ടോപ് സ്കോറര്‍ക്കുള്ള ഗോൾഡൻ ബൂട്ട് ടോട്ടന്‍ഹാം താരം ഹ്യൂങ് മിന്‍ സണുമായി പങ്കിട്ടിരുന്നു. 14 അസിസ്റ്റുകളുമായി താരം ഗോളടിപ്പിക്കുന്നതിലും മുന്നിലായിരുന്നു. ഇത്തവണ പ്ലെയേഴ്‌സ് പ്ലെയര്‍ ഓഫ് ദ ഇയര്‍, ഫുട്ബോള്‍ റൈറ്റേഴ്‌സ് അസോസിയേഷന്‍റെ ഫുട്ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം എന്നിവയും സലാഹിനായിരുന്നു.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെല്‍ജിയന്‍ മിഡ്‌ഫീല്‍ഡര്‍ കെവിന്‍ ഡിബ്രൂയ്ന്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ പോര്‍ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ടോട്ടന്‍ഹാം ഇംഗ്ലീഷ് സ്ട്രൈക്കര്‍ ഹാരി കെയ്ന്‍, ലിവര്‍പൂളിൽ സഹതാരങ്ങളായ ഡച്ച് ഡിഫന്‍ഡര്‍ വിര്‍ജില്‍ വാന്‍ഡിജിക്, സെനഗൽ താരം സാദിയോ മാനെ എന്നിവരെയാണ് പുരസ്‌കാര മത്സരത്തിൽ സലാഹ് മറികടന്നത്.
ചെല്‍സിക്ക് പ്രീമിയർ ലീഗ് കിരീടവും എഫ്.എ കപ്പും നേടിക്കൊടുക്കുന്നതില്‍ പ്രധാനപങ്കുവഹിച്ച കെര്‍ 20 ഗോളുമായി ടോപ്സ്കോററുമായിരുന്നു. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഓസ്‌ട്രേലിയൻ താരമാണ് അവർ.
പ്രീമിയർ ലീഗ് ടീം ഓഫ് ദി ഇയർ പ്രഖ്യാപിച്ചപ്പോൾ ലിവർപൂൾ, മാഞ്ചസ്‌റ്റർ സിറ്റി താരങ്ങളുടെ മേധാവിത്വം. ആൻഫീൽഡിലും ഇത്തിഹാദിലും പന്ത് തട്ടാത്ത രണ്ട് താരങ്ങൾ മാത്രമാണ് താരനിബിഡമായ ഇലവനിൽ ഇടം പിടിച്ചത്. അഞ്ച് തവണ ബാലൺ ഡി ഓർ നേടിയ മാഞ്ചസ്‌റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഈ സീസണിന്‍റെ അവസാനത്തോടെ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ ചെൽസിയുടെ പ്രതിരോധ താരം അന്‍റോണിയോ റൂഡിഗറുമാണ് ഉൾപ്പെട്ട രണ്ട് താരങ്ങൾ.
പ്രീമിയര്‍ ലീഗ് ടീം ഓഫ് ദ ഇയര്‍: ഗോൾകീപ്പർ; അലിസണ്‍ (ലിവര്‍പൂള്‍), ഡിഫന്‍ഡര്‍മാര്‍; ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ് (ലിവര്‍പൂള്‍), വിര്‍ജില്‍ വാന്‍ഡിജിക് (ലിവര്‍പൂള്‍), അന്‍റോണിയോ റൂഡിഗര്‍ (ചെല്‍സി), ജാവോ കാന്‍സലോ (മാഞ്ചസ്റ്റര്‍ സിറ്റി)
മിഡ്‌ഫീല്‍ഡര്‍മാര്‍; കെവിന്‍ ഡിബ്രൂയ്ന്‍ (മാഞ്ചസ്റ്റര്‍ സിറ്റി), ബര്‍ണാഡോ സില്‍വ (മാഞ്ചസ്റ്റര്‍ സിറ്റി), തിയാഗോ അല്‍കാൻട്ര (ലിവര്‍പൂള്‍), ഫോർവേഡുകൾ; സാദിയോ മാനെ (ലിവര്‍പൂള്‍), മുഹമ്മദ് സലാഹ് (ലിവര്‍പൂള്‍), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്).
വനിതാ ടീം ഓഫ് ദി ഇയർ: ഗോൾകീപ്പർ; ആൻ-കാട്രിൻ ബെർഗർ (ചെൽസി), ഡിഫന്‍ഡര്‍മാര്‍; ഒന ബാറ്റിൽ (മാഞ്ചസ്റ്റർ യുണൈറ്റഡ്), ലിയ വില്യംസൺ (ആഴ്‌സനൽ), മില്ലി ബ്രൈറ്റ് (ചെൽസി), അലക്‌സ് ഗ്രീൻവുഡ് (മാഞ്ചസ്റ്റർ സിറ്റി)
മിഡ്‌ഫീല്‍ഡര്‍മാര്‍; കിം ലിറ്റിൽ (ആഴ്‌സണൽ), കരോളിൻ വീർ (മാഞ്ചസ്റ്റർ സിറ്റി), ഗുറോ റെയ്‌റ്റൻ (ചെൽസി), ഫോർവേഡുകൾ; ലോറൻ ഹെംപ് (മാഞ്ചസ്റ്റർ സിറ്റി), സാം കെർ (ചെൽസി), വിവിയാനെ മിഡെമ (ആഴ്‌സനൽ)