ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ ചെൽസിയെ സമനിലയിൽ തളച്ച് ലെസ്റ്റർ സിറ്റി. ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്‌ജിൽ നടന്ന മത്സരത്തിൽ ഓരോ ഗോൾ വീതം നേടിയാണ് ഇരുവരും സമനിലയിൽ പിരിഞ്ഞത്. ആദ്യ പകുതിയിലാണ് മത്സരത്തിലെ രണ്ട് ഗോളുകളും പിറന്നത്.
മത്സരത്തിന്‍റെ ആറാം മിനിട്ടിൽ തന്നെ ജെയിംസ് മാഡിസണിലൂടെ ലെസ്റ്റർ സിറ്റി ആദ്യ ഗോൾ സ്വന്തമാക്കി. എന്നാൽ 35-ാം മിനിട്ടിൽ മാർക്കോസ് അലോണ്‍സോയിലൂടെ ചെൽസി സമനില പിടിച്ചു. സമനിലയോടെ 31 മത്സരങ്ങളിൽ നിന്ന് 71 പോയിന്‍റുമായി ചെൽസി മൂന്നാം സ്ഥാനത്ത് തുടരുന്നു. 31 മത്സരങ്ങളിൽ നിന്ന് 49 പോയിന്‍റുള്ള ലെസ്റ്റർസിറ്റി 9-ാം സ്ഥാനത്താണ്.
ALSO READ: ലോകകപ്പ് നിയന്ത്രിക്കാൻ വനിത റഫറിമാരും; ചരിത്രം കുറിക്കാൻ ഖത്തർ ലോകകപ്പ്
മറ്റൊരു മത്സരത്തിൽ ആസ്റ്റണ്‍ വില്ലയെ ബേണ്‍ലി സമനിലയിൽ കുരുക്കി. 45-ാം മിനിറ്റൽ പെനാൽറ്റിയിലൂടെ ആഷ്‌ലി ബേണ്‍സ് ബേണ്‍ലിക്ക് ലീഡ് നേടിക്കൊടുത്തുവെങ്കിലും 48-ാം മിനിട്ടിൽ എബി ബ്യൂയെൻഡിയയിലൂടെ ആസ്റ്റണ്‍ വില്ല സമനില നേടി. മറ്റൊരു മത്സരത്തിൽ എവർട്ടണ്‍ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ക്രിസ്റ്റൽ പാലസിനെ തകർത്തു. വിജയത്തോടെ നിലവിൽ 16-ാം സ്ഥാനത്തുള്ള എവർട്ടണ്‍ തരം താഴ്‌ത്തൽ ഭീഷണിയിൽ നിന്ന് ഒഴിവായി.