ചെന്നൈ : ചെസ്സബിൾ മാസ്റ്റേഴ്‌സ് ഓൺലൈൻ റാപ്പിഡ് ചെസ്സ് ടൂർണമെന്‍റിന്‍റെ ഫൈനലിൽ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആര്‍.പ്രജ്ഞാനന്ദക്ക് തോൽവി. വെള്ളിയാഴ്‌ച നടന്ന മത്സരത്തിൽ ചൈനയുടെ ലോക രണ്ടാം നമ്പർ താരം ഡിങ് ലിറെനോട് ടൈ ബ്രേക്കറിലായിരുന്നു പ്രജ്ഞാനന്ദ തോൽവി വഴങ്ങിയത്.
ഓപ്പണിങ് സെറ്റ് നഷ്‌ടമായെങ്കിലും രണ്ടാം സെറ്റ് സ്വന്തമാക്കി പ്രജ്ഞാനന്ദ മത്സരത്തിലേക്ക് തിരിച്ചുവന്നിരുന്നു. എന്നാൽ പിന്നീട് നടന്ന ടൈ ബ്രേക്കറിൽ രണ്ട് ഗെയിം നഷ്‌ടപ്പെടുത്തിയ പ്രജ്ഞാനന്ദ തോൽവി വഴങ്ങുകയായിരുന്നു. ആദ്യ സെറ്റ് 1.5-2.5ന് നഷ്‌ടപ്പെട്ട ശേഷം രണ്ടാം സെറ്റ് 2.5-1.5 എന്ന സ്‌കോറിന് താരം ജയിച്ചിരുന്നു.
നേരത്തെ സെമിയില്‍ നെതര്‍ലാന്‍ഡ്‌സിന്‍റെ അനിഷ് ഗിരിയെ പരാജയപ്പെടുത്തിയാണ് പ്രജ്ഞാനന്ദ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ടൂര്‍ണമെന്‍റില്‍ ഒരു മത്സരം പോലും പരാജയം അറിയാതെ വന്ന അനിഷിനെ പ്രജ്ഞാനന്ദ മുട്ടുകുത്തിക്കുകയായിരുന്നു. ടൂർണമെന്‍റിൽ രണ്ട് തവണ ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസണെയും പ്രജ്ഞാനന്ദ പരാജയപ്പെടുത്തിയിരുന്നു.