സാവോ പോളോ : ഖത്തര്‍ ലോകകപ്പില്‍ നിന്നും തോറ്റ് പുറത്തായതിന് പിന്നാലെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പങ്കുവച്ച ഹൃദയഭേദകമായ കുറിപ്പിന് മറുപടി നല്‍കി ബ്രസീലിയന്‍ ഇതിഹാസം പെലെ. പോർച്ചുഗലിനായി ഒരു ലോകകപ്പ് നേടുക എന്നത് തന്‍റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവുമായിരുന്നുവെന്നാണ് ക്രിസ്റ്റ്യാനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ഈ പോസ്റ്റിന് 'ഞങ്ങളെ പുഞ്ചിരിപ്പിച്ച സുഹൃത്തിന് നന്ദി'യെന്നാണ് പെലെ കമന്‍റായി എഴുതിയത്. ലോകകപ്പില്‍ നിന്നുള്ള പുറത്താവല്‍ 37കാരനായ ക്രിസ്റ്റ്യാനോയെ എത്രത്തോളം വേദനിപ്പിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്‍റെ കുറിപ്പിലെ വരികള്‍. ഖത്തര്‍ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ മൊറോക്കോയോടേറ്റ തോല്‍വിയാണ് പറങ്കിപ്പടയ്‌ക്ക് പുറത്തേക്കുള്ള വഴി തുറന്നത്.
ആദ്യ മത്സരത്തില്‍ ഗോളടിയോടെ തുടങ്ങാനായെങ്കിലും പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെയും തുടര്‍ന്ന് ക്വാര്‍ട്ടറില്‍ മൊറോക്കോയ്‌ക്ക് എതിരെയും പകരക്കാരുടെ ബഞ്ചിലായിരുന്നു ക്രിസ്റ്റ്യാനോയ്‌ക്ക് സ്ഥാനം. ഇരുമത്സരങ്ങളിലും പകുതി പിന്നിട്ട ശേഷമാണ് ക്രിസ്റ്റ്യാനോ കളത്തിലെത്തിയത്. തോല്‍വിക്ക് പിന്നാലെ മൈതാനത്ത് മുട്ടുകുത്തിയിരുന്ന് കരയുന്ന റോണോയുടെ ദൃശ്യം വൈറലായിരുന്നു.
വിജയം ആഘോഷിക്കുന്നതിനിടെയിലും മൊറോക്കന്‍ താരങ്ങള്‍ മാത്രമാണ് ക്രിസ്റ്റ്യാനോയെ ആശ്വസിപ്പിക്കാനെത്തിയത്. ഒടുവില്‍ കണ്ണീരടക്കാനാവാതെ ഗ്രൗണ്ട് സ്റ്റാഫിനൊപ്പമാണ് താരം മൈതാനം വിട്ടത്.
'എന്‍റെ കരിയറിലെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു പോര്‍ച്ചുഗലിന് വേണ്ടി ഫുട്‌ബോള്‍ ലോകകിരീടം നേടിയെടുക്കുക എന്നത്. ഭാഗ്യവശാല്‍, പോര്‍ച്ചുഗലിനായി ഉള്‍പ്പടെ നിരവധി കിരീടങ്ങള്‍ അന്താരാഷ്‌ട്ര തലത്തില്‍ സ്വന്തമാക്കാന്‍ എനിക്കായി. പക്ഷേ എന്‍റെ രാജ്യത്തിന്‍റെ പേര് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ എത്തിക്കുക എന്നത് ഏറ്റവും വലിയ സ്വപ്‌നമായിരുന്നു.
ഞാന്‍ അതിനായി പരിശ്രമിച്ചു, കഠിനമായി പോരാടി.16 വര്‍ഷത്തിനിടെ, അഞ്ച് ലോകകപ്പുകളില്‍ ഞാന്‍ സ്‌കോര്‍ ചെയ്‌തു. എല്ലായ്‌പ്പോഴും മികച്ച കളിക്കാര്‍ക്കൊപ്പം, ദശലക്ഷക്കണക്കിന് വരുന്ന പോര്‍ച്ചുഗല്‍ ജനതയുടെ പിന്തുണയോടെ ഞാന്‍ എന്‍റെ എല്ലാം നല്‍കി. ഒരു പോരാട്ടത്തിലും ഒരിക്കലും ഞാന്‍ മുഖം തിരിച്ചിട്ടില്ല. ആ സ്വപ്‌നം ഞാന്‍ ഉപേക്ഷിച്ചിരുന്നില്ല.
നിര്‍ഭാഗ്യവശാല്‍ ഇന്നലെ ആ സ്വപ്‌നം അവസാനിച്ചു. ഒരുപാട് കാര്യങ്ങള്‍ എഴുതപ്പെട്ടു. പലരും പലതും പറഞ്ഞു, പലതും ഊഹിക്കപ്പെട്ടു. പക്ഷേ പോര്‍ച്ചുഗലിനോടുള്ള എന്‍റെ ആത്മാര്‍ഥത ഒരിക്കലും മാറിയിട്ടില്ലെന്ന് എല്ലാവരും അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
എല്ലാവരുടെയും ലക്ഷ്യത്തിനായി പോരാടിയിരുന്ന ഒരാളായിരുന്നു ഞാനും. എന്‍റെ ടീം അംഗങ്ങള്‍ക്കും രാജ്യത്തിനും നേരെ ഞാന്‍ ഒരിക്കലും പുറം തിരിഞ്ഞ് നില്‍ക്കില്ല. ഇപ്പോള്‍ കൂടുതലൊന്നും പറയുന്നില്ല.
Also read: സ്വന്തം പാളയത്തിലും ഒറ്റപ്പെട്ട രാജാവ് ; ഖത്തറിലും ക്രിസ്റ്റ്യാനോയ്‌ക്ക് കണ്ണീര്‍ മടക്കം
പോര്‍ച്ചുഗലിന് നന്ദി, നന്ദി ഖത്തര്‍.. സ്വപ്‌നം നീണ്ടുനില്‍ക്കുമ്പോള്‍ അത് മനോഹരമായിരുന്നു. ഇപ്പോൾ, നല്ല ഉപദേശകനാകാനും ഓരോരുത്തരെയും അവരവരുടെ സ്വന്തം നിഗമനങ്ങളില്‍ എത്തിച്ചേരാൻ അനുവദിക്കുകയും ചെയ്യേണ്ട സമയമാണ്' - റൊണാള്‍ഡോ കുറിച്ചു.