ലണ്ടന്‍: സീസണില്‍ മോശം പ്രടനമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നടത്തുന്നത്. പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും എറിക് ടെന്‍ ഹാഗിന്‍റെ സംഘത്തിന് തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. പ്രീമിയര്‍ ലീഗില്‍ നിലവില്‍ ആറാം സ്ഥാനത്താണ് ചുകന്ന ചെകുത്താന്മരുള്ളത്. ചാമ്പ്യന്‍സ് ലീഗിലാവട്ടെ ഏറെക്കുറെ എളുപ്പമുള്ള ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിട്ടും ഏറെക്കുറെ പുറത്താവലിന്‍റെ വക്കിലാണ് യുണൈറ്റഡ്.
ഇപ്പോഴിതാ ടീമിനെതിരെ തുറന്നടിച്ചിരിക്കുകയാണ് ഇതിഹാസ താരം പോൾ സ്കോൾസ്. പ്രീമിയര്‍ ലീഗിന്‍റെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ കളിക്കുന്ന താരങ്ങള്‍ നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഇല്ലെന്നാണ് മുന്‍ താരം പറയുന്നത്. (Paul Scholes on Manchester United).
"തീര്‍ച്ചയായും പ്രീമിയര്‍ ലീഗിന്‍റെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ കളിക്കുന്ന താരങ്ങള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലില്ല. സത്യം പറഞ്ഞാല്‍ അതിന്‍റെ അടുത്തൊന്നും നമ്മളില്ല. ഇനി ഇപ്പോള്‍ ഉള്ള കളിക്കാര്‍ അവരുടെ ഏറ്റവും മികച്ച പ്രകടനം നടത്തിയാലും അടുത്തെത്താന്‍ അതു മതിയാവില്ല. ക്ലബ്ബിന്‍റെ സംസ്കാരം പരിശീലന ഗ്രൗണ്ടിൽ നിന്നാണ് വരുന്നത്, തീര്‍ച്ചയായും പരിശീകകന്‍ മാനേജർ അത് ശരിയാക്കേണ്ടതുണ്ട്" - പോൾ സ്കോൾസ് പറഞ്ഞു.
യുണൈറ്റഡില്‍ പരിശീലകന്‍ ടെന്‍ ഹാഗിന്‍റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന അഭ്യൂഹങ്ങളിലും പോൾ സ്കോൾസ് പ്രതികരിച്ചു. (Paul Scholes on Erik Ten Hag) ടെന്‍ ഹാഗിനൊപ്പം യുണൈറ്റഡ് ഉറച്ച് നില്‍ക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാൽ പുതിയ ഉടമകൾ എത്തുമ്പോള്‍ ടെന്‍ ഹാഗിന് സമ്മർദമുണ്ടാവുമെന്നും പോൾ സ്കോൾസ് പറഞ്ഞു.
"കാര്യങ്ങള്‍ എത്രയും വേഗത്തില്‍ മികച്ച നിലയിലേക്ക് എത്തിച്ചില്ലെങ്കില്‍ പരിശീലകന്‍ വലിയ സമ്മര്‍ദത്തിന് വിധേയനാകുമെന്നാണ് ഞാൻ കരുതുന്നത്. പക്ഷെ, ആ സ്ഥാനത്ത് നിന്നും മാറ്റുന്നതാണ് ശരിയെന്ന് എനിക്ക് തോന്നുന്നില്ല. എന്നാല്‍ അതേക്കുറിച്ച് ആശങ്കപ്പെടേണ്ടതുണ്ട്. പ്രത്യേകിച്ചും പുതിയ ഉടമകൾ വരുമ്പോൾ.
പുതിയ ഉടമകൾ പുതിയ ആളുകളെ കൊണ്ടുവരാൻ ഇഷ്ടപ്പെടുന്നു. കാര്യങ്ങള്‍ എത്രയും വേഗത്തില്‍ മെച്ചപ്പെട്ടില്ലെങ്കിൽ വലിയ സമ്മർദം തന്നെയാവും പരിശീലകനുണ്ടാവുക എന്നതില്‍ തര്‍ക്കമില്ല" - പോൾ സ്കോൾസ് കൂട്ടിച്ചേർത്തു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 16 മത്സരങ്ങള്‍ കളിച്ച യുണൈറ്റഡ് ഒമ്പത് വിജയങ്ങള്‍ നേടിയപ്പോള്‍ ഏഴ് കളിലാണ് തോല്‍വി വഴങ്ങിയത്. 27 പോയിന്‍റ് മാത്രമാണ് ടീമിനുള്ളത്. (Manchester United in English Premier League). ചാമ്പ്യന്‍സ് ലീഗില്‍ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഗ്രൂപ്പ് എയിലെ അവസാനക്കാരാണ് യുണൈറ്റഡ്.
ALSO READ: യുണൈറ്റഡ് പേരില്‍ മാത്രം, സ്വരം ചേരാതെ ചുവന്ന ചെകുത്താൻമാർ...പലവഴിയേ താരങ്ങളും പരിശീലകനും
(Manchester United in Champions League). കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്നിലും തോല്‍വി വഴങ്ങിയപ്പോള്‍ ഒരു ജയവും ഒരു സമനിലയുമാണ് നേടാന്‍ കഴിഞ്ഞത്. ബാക്കിയുള്ള ഒരേയൊരു മത്സരത്തില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കാണ് യുണൈറ്റഡിന്‍റെ എതിരാളി. മത്സരം വിജയിച്ചാലും യുണൈറ്റഡിന് നോക്കൗട്ടിലേക്ക് കടക്കാന്‍ കഴിയില്ല. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഗലാറ്റസറെയും കോപ്പൻഹേഗനും ഏറ്റുമുട്ടുമ്പോള്‍ ആരും ജയിക്കാതിരിക്കുകയും വേണം.