ലണ്ടന്‍ : പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയറുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുകയാണ്. വിവാദമായ അഭിമുഖവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ബന്ധം അവസാനിപ്പിച്ച താരം ഫിഫ ലോകകപ്പിലായിരുന്നു പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാല്‍ ക്വാർട്ടർ ഫൈനലിൽ പോർച്ചുഗൽ പുറത്തായതോടെ ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് മോഹങ്ങളും പൊലിഞ്ഞു.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഗോളടിയോടെ തുടങ്ങാന്‍ കഴിഞ്ഞെങ്കിലും അവസാന രണ്ട് മത്സരങ്ങളില്‍ പകരക്കാരുടെ ബഞ്ചിലായിരുന്നു 37കാരനായ ക്രിസ്റ്റ്യാനോയുടെ സ്ഥാനം. ഇതിനിടെ താരം ദേശീയ ടീമുമായും അകന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ഈ സാഹചര്യത്തില്‍ ക്രിസ്റ്റ്യാനോ വിരമിക്കല്‍ പ്രഖ്യാപിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് യുണൈറ്റഡില്‍ സഹതാരമായിരുന്ന പാട്രിസ് എവ്ര. ദേശീയ ടീമിന്‍റെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ പോലും സ്ഥാനം ലഭിക്കാത്ത സാഹചര്യത്തില്‍ താരം വിരമിക്കൽ ഗൗരവമായി പരിഗണിച്ചേക്കുമെന്നാണ് എവ്ര പറയുന്നത്.
"ക്രിസ്റ്റ്യാനോ വിരമിക്കുമോ എന്ന് എനിക്കറിയില്ല, എന്നാല്‍ കരിയറിന്‍റെ അവസാനത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരുമ്പോള്‍ 'ശരി, ഇത് നിർത്താൻ സമയമായി' എന്നാണ് ഞാൻ കരുതുക. പ്രത്യേകിച്ചും, ദേശീയ ടീമിന്‍റെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ സ്ഥാനം ലഭിക്കാതിരിക്കുമ്പോള്‍.
പോര്‍ച്ചുഗലിനായാണ് ക്രിസ്റ്റ്യാനോ കളിക്കാനും ഫിറ്റായിരിക്കാനും ആഗ്രഹിച്ചത്. തന്‍റെ രാജ്യത്തിനൊപ്പം ലോകകപ്പ് നേടുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ സ്വപ്‌നം, ഇപ്പോൾ ആ സ്വപ്നം ഇല്ലാതായി. ഇനി ക്രിസ്റ്റ്യാനോ വിരമിക്കല്‍ പ്രഖ്യാപിച്ചാലും അത്ഭുതപ്പെടാനില്ല". പാട്രിസ് എവ്ര പറഞ്ഞു.
Also read: ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സെർജിയോ ബുസ്‌കെറ്റ്സ്
യുണൈറ്റഡ് വിട്ട ക്രിസ്റ്റ്യാനോ നിലവില്‍ ഫ്രീ ഏജന്‍റാണ്. സൗദി ക്ലബ് അല്‍ നാസര്‍ താരത്തിനായി രംഗത്തുണ്ടെങ്കിലും എവിടേക്കാണ് താരം ഇനി ചേക്കേറുകയെന്ന് വ്യക്തമല്ല. യൂറോപ്പിലെ ചില ക്ലബ്ബുകളുമായി താരത്തിന്‍റെ ഏജന്‍റ് ചര്‍ച്ച നടത്തുന്നതായാണ് റിപ്പോര്‍ട്ട്.