ബീജിംഗ് : വിന്‍റർ ഒളിംപിക്‌സിന് യോഗ്യത നേടിയ 50 ലേറെ വിദേശ അത്‌ലറ്റുകൾക്ക് കൊവിഡ്. ദേശീയ കായിക സംഘടനകളുടെ അറിയിപ്പിന്‍റെയും ഒളിമ്പ്യൻമാരുടെ സാമൂഹ്യ മാധ്യമ പോസ്റ്റുകളുടെയും അടിസ്‌ഥാനത്തില്‍ ജപ്പാന്‍ മാധ്യമമായ എൻ.എച്ച്.കെ (NHK) വേൾഡ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
ചൊവ്വാഴ്‌ച വരെ, 12 രാജ്യങ്ങളിൽ നിന്നുള്ള 53 അത്‌ലറ്റുകള്‍ക്ക് രോഗബാധ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച അത്‌ലറ്റുകളിൽ സ്ലോവേനിയയിൽ നിന്നുള്ള ഒരു സ്‌നോബോർഡറുണ്ട്. കൂടാതെ സ്വീഡന്‍റെ ഐസ് ഹോക്കി ടീം അംഗങ്ങള്‍ ഉൾപ്പടെ ഒമ്പത് പേര്‍ക്കാണ് രോഗബാധ. ഇതോടെ ഹോക്കി ടീമിന് ഗെയിംസിൽ മത്സരിക്കാനുള്ള അവസരം നഷ്‌ടപ്പെട്ടു.
ഒളിംപിക് ഫേവറേറ്റിലൊരാളായ ഓസ്ട്രിയൻ സ്‌കീ ജംപർ മാരിറ്റ ക്രാമറിന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ പ്രവേശന പട്ടികയിൽ നിന്ന് താരത്തെ നീക്കം ചെയ്‌തു. ഒരു ജാപ്പനീസ് സ്‌കീയർ അടക്കം 20-ലധികം അത്ലറ്റുകൾ ഐസൊലേഷനിലാണ്.
ALSO READ: ബീജിംഗ് വിന്‍റര്‍ ഒളിംപിക്‌സ്; ദീപശിഖ പ്രയാണത്തിന് തുടക്കമായി
2022ലെ ബീജിംഗ് വിന്‍റർ ഒളിംപിക്‌സിനുവേണ്ടി രാജ്യത്തെ കൊവിഡ് വിമുക്തമാക്കാന്‍ ചൈന പാടുപെടുന്നതിനിടെയാണ് താരങ്ങള്‍ക്ക് രോഗബാധ. കർശന പ്രോട്ടോക്കോളുകൾ ഉണ്ടായിരുന്നിട്ടും വിവിധ നഗരങ്ങളിൽ ഒരാഴ്‌ചയായി കേസുകൾ റിപ്പോര്‍ട്ട് ചെയ്തുവരുന്നുണ്ട്.
കുറഞ്ഞത് 24 മണിക്കൂറിന്‍റെ ഇടവേളയിൽ തുടർച്ചയായി രണ്ട് പിസിആർ പരിശോധനാഫലങ്ങൾ നെഗറ്റീവ് ആയാൽ അത്ലറ്റുകൾ ഐസൊലേഷനിൽ നിന്ന് ഡിസ്‌ചാര്‍ജ് ചെയ്യപ്പെടുമെന്ന് പ്ലേബുക്ക് അധികൃതര്‍ അറിയിച്ചു. 2022 ഫെബ്രുവരിയിലെ ഒളിമ്പിക്‌സിന് മുന്നോടിയായി പ്ലേബുക്ക് പ്രസിദ്ധീകരിച്ചത് വിവാദമായിരുന്നു. യു.എസ്, യു.കെ, കാനഡ എന്നിവയുൾപ്പടെ നിരവധി രാജ്യങ്ങൾ അവകാശ ലംഘനങ്ങളുടെ പേരിൽ പരിപാടി നയതന്ത്രപരമായി ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.
പൊതുജനങ്ങളുമായി അനാവശ്യ ഇടപെടലുകൾ കുറയ്ക്കുന്നതിനായി കായികതാരങ്ങളുടെ താമസ സ്‌ഥലത്ത് പ്രത്യേക "ക്ലോസ്-ലൂപ്പ്" സംവിധാനം പ്ലേബുക്ക് മുന്നോട്ടുവച്ചിട്ടുണ്ട്.