മുംബൈ: ഏഷ്യൻ ഗെയിംസ് സെപ്റ്റംബറിൽ ചൈനയില്‍ നടക്കുമെന്ന് ഉറപ്പുണ്ടെന്ന് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയിലെ (ഒസിഎ) മുതിർന്ന ഉദ്യോഗസ്ഥൻ അന്താരാഷ്‌ട്ര വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചു. ചൈനീസ് നഗരമായ ഹാങ്ചൗവിൽ സെപ്റ്റംബർ 10 മുതൽ 25 വരെയാണ് ഗെയിംസ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ചൈനയില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഗെയിംസ് മാറ്റിവയ്ക്കാൻ സാധ്യതയുണ്ടെന്ന് ഒസിഎയുടെ ഡയറക്ടർ ജനറലിനെ ഉദ്ധരിച്ച് കഴിഞ്ഞ ആഴ്ച ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
കൊവിഡ് വ്യാപനത്തെത്തുടർന്ന് ഇപ്പോൾ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയിട്ടുള്ള ഷാങ്ഹായ്ക്ക് 200 കിലോമീറ്റർ മാത്രം അകലെയാണ് ഏഷ്യൻ ഗെയിംസ് വേദിയായ ഹാങ്ചൗ. ഇതിന് പിന്നാലെയാണ് ഗെയിംസ് നിശ്ചയിച്ച പ്രകാരം നടത്താനാവുമെന്ന് പ്രതീക്ഷിക്കുന്നതായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒസിഎയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. നിലവിലെ സാഹചര്യത്തെക്കുറിച്ച് വിവരം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. മേയ് 6ന് താഷ്‌കന്‍റിൽ നടക്കുന്ന ഒസിഎ എക്‌സിക്യൂട്ടീവ് ബോർഡ് മീറ്റിങ്ങില്‍ വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ബെയ്‌ജിങ്ങില്‍ നടന്ന വിന്‍റര്‍ ഒളിമ്പിക്‌സിന് ശേഷം രാജ്യത്ത് നടക്കാനിരുന്ന മിക്ക അന്താരാഷ്ട്ര കായിക മത്സരങ്ങളും മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ കർശനമായ ആരോഗ്യ നിയന്ത്രണങ്ങൾക്ക് കീഴിലായിരുന്ന വിന്‍റര്‍ ഒളിമ്പിക്‌സ് നടന്നത്.