ലിസ്‌ബണ്‍: ഖത്തര്‍ ലോകകപ്പിന് ടിക്കറ്റെടുത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍. ക്വാളിഫൈയിങ് പ്ലേ ഓഫ് ഫൈനലിൽ നോർത്ത് മാസിഡോണിയയെ തോല്‍പ്പിച്ചാണ് പറങ്കിപ്പട ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയത്. പോര്‍ച്ചുഗലിന്‍റെ ഹോം ഗ്രൗണ്ടായ ഡ്രാഗാവോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് സംഘം ജയം പിടിച്ചത്.
ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ ഇരട്ട ഗോളാണ് പോര്‍ച്ചുഗലിന് കരുത്തായത്. പ്ലേഓഫ് സെമിയില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ ഇറ്റലിയെ അട്ടിമറിച്ചെത്തിയ മാസിഡോണിയയുടെ വലയില്‍ 32ാം മിനിട്ടില്‍ തന്നെ പോര്‍ച്ചുഗല്‍ പന്തെത്തിച്ചു. ക്രിസ്റ്റ്യാനോയുടെ അസിസ്‌റ്റിലാണ് ഈ ഗോള്‍ പിറന്നത്.
തുടര്‍ന്ന് രണ്ടാം പകുതിയില്‍ 65ാം മിനിറ്റിലാണ് പോര്‍ച്ചുഗലിന്‍റെ രണ്ടാം ഗോള്‍ പിറന്നത്. ഡിയോഗോ ജോട്ടയുടെ തകര്‍പ്പന്‍ ക്രോസിലായിരുന്നു ഇക്കുറി ബ്രൂണോ ലക്ഷ്യം കണ്ടത്. 50,000 ആരാധകര്‍ തിങ്ങി നിറഞ്ഞ സ്റ്റേയിത്തില്‍ കളിയുടെ തുടക്കം മുതൽ ആധിപത്യം പുലർത്താന്‍ പോര്‍ച്ചുഗലിനായിരുന്നു.
എന്നാല്‍ ശക്തമായ പ്രതിരോധമാണ് മാസിഡോണിയന്‍ താരങ്ങള്‍ ഒരുക്കിയത്. മത്സരത്തിന്‍റെ 65 ശതമാനവും പന്ത് കൈവശം വച്ചിട്ടും മൂന്ന് ഷോട്ടുകൾ മാത്രം പോര്‍ച്ചുഗലിന് ഓണ്‍ ടാര്‍ഗറ്റിലേക്ക് തൊടുക്കാനായത്.
also read: താരമൂല്യത്തിൽ കോലി തന്നെ കിങ് ; വനിതകളിൽ ദീപികയെ പിൻതള്ളി ആലിയ
മത്സരത്തിലെ വിജയത്തോടെ തുടര്‍ച്ചയായ ആറാംതവണയാണ് പോര്‍ച്ചുഗല്‍ ലോകകപ്പിന് യോഗ്യത നേടുന്നത്. അതേസമയം 37കാരനായ ക്രിസ്റ്റ്യാനോയുടെ അഞ്ചാം ലോകകപ്പാണിത്. 2006ലെ ലോകകപ്പിന്‍റെ സെമി ഫൈനലാണ് ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം പോര്‍ച്ചുഗല്‍ നടത്തിയ ഏറ്റവും വലിയ മുന്നേറ്റം. സെമിയില്‍ ജര്‍മ്മനിയോട് തോറ്റായിരുന്നു സംഘം പുറത്തായത്.