ന്യൂഡല്‍ഹി: ഇന്ത്യയുടെ ഒളിമ്പിക് ചാമ്പ്യന്‍ നീരജ് ചോപ്ര കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പുറത്ത്. ഫിറ്റ്‌നസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ജാവലിന്‍ ത്രോയിലെ നിലവിലെ ചാമ്പ്യന്‍ കൂടിയായ താരത്തിന് തിരിച്ചടിയായത്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ) ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ പരിക്കേറ്റതിനാൽ ഫിറ്റല്ലെന്ന് നീരജ് അറിയിച്ചതായി ഐഒഎ സെക്രട്ടറി ജനറൽ രാജീവ് മേത്ത വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. നീരജിന് ഒരു മാസത്തോളം വിശ്രമം നിര്‍ദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി.
താരം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നതായും വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് പൂര്‍ണ പിന്തുണ അറിയിക്കുന്നതായും ഐഒഎ പ്രസ്‌താവനയില്‍ വ്യക്തമാക്കി. വ്യാഴാഴ്ച ആരംഭിക്കുന്ന ഗെയിംസിൽ ഇന്ത്യയുടെ പതാകവാഹകനായി നിശ്ചയിച്ച താരമാണ് നീരജ്.
അതേസമയം ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ഫൈനലിനിടെ തന്‍റെ തുടയ്‌ക്ക് വേദന അനുഭവപ്പെട്ടതായി മെഡല്‍ നേട്ടത്തിന് പിന്നാലെ നീരജ് വെളിപ്പെടുത്തിയിരുന്നു. മത്സരത്തില്‍ 88.13 മീറ്റർ ദൂരം കണ്ടെത്തിയതോടെ വെള്ളി മെഡല്‍ നേടാനും നീരജിന് കഴിഞ്ഞു.
ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡൽ നേടുന്ന ആദ്യ പുരുഷതാരവും രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരവുമാവാന്‍ നീരജിന് കഴിഞ്ഞു. 2003ൽ മലയാളി ലോങ് ജമ്പ് താരം അഞ്ജു ബോബി ജോർജ് നേടിയ വെങ്കലമാണ് ചാമ്പ്യന്‍ഷിപ്പിന്‍റെ ചരിത്രത്തില്‍ ഇതിന് മുന്‍പ് ഇന്ത്യയുടെ ഒരേയൊരു മെഡല്‍.