ലിസ്ബണ്‍: യുവേഫ നേഷന്‍സ് ലീഗ് ഫുട്‌ബോളിന്‍റെ സെമിയില്‍ കടന്ന് സ്‌പെയിന്‍. ഗ്രൂപ്പ് എ-2വിലെ നിര്‍ണായക മത്സരത്തില്‍ പോര്‍ച്ചുഗലിനെ കീഴടക്കിയാണ് സ്‌പാനിഷുകാരുടെ മുന്നേറ്റം. ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്‌പെയിനിന്‍റെ വിജയം.
കളി തീരാന്‍ രണ്ട് മിനിട്ട് മാത്രം ശേഷിക്കെ ആല്‍വാരോ മൊറാട്ടയാണ് സംഘത്തിന്‍റെ വിജയ ഗോള്‍ നേടിയത്. മത്സരത്തില്‍ പന്ത് കൂടുതലും കൈവശം വച്ച് ആധിപത്യം പുലര്‍ത്താന്‍ സ്‌പെയിന് കഴിഞ്ഞു. എന്നാല്‍ ഇരുവശത്തേക്കും ഒട്ടേറെ മുന്നേറ്റങ്ങളുണ്ടായി.
പോര്‍ച്ചുഗലിന്‍റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ഒരു മികച്ച അവസരം ലഭിച്ചിരുന്നു. എന്നാല്‍ സ്‌പാനിഷ് ഗോളി ഉനായ് സിമണെ കീഴടക്കാനായില്ല. സമനിലയിലേക്കെന്ന് തോന്നിച്ച മത്സരത്തിന്‍റെ 88-ാം മിനിട്ടിലാണ് മൊറാട്ട സ്‌പെയിനിന്‍റെ രക്ഷകനായത്.
ഡാനി കാര്‍വഹാള്‍ ബോക്‌സിലേക്ക് നല്‍കിയ ലോങ് ബോള്‍ വില്യംസ് മൊറാട്ടയ്ക്ക് മറിച്ചുനല്‍കി. പന്ത് വലയിലേക്ക് തട്ടിയിടേണ്ട ആവശ്യം മാത്രമേ മൊറാട്ടയ്ക്ക് ഉണ്ടായിരുന്നൊള്ളു. വിജയത്തോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായാണ് സ്‌പെയിന്‍ സെമിയുറപ്പിച്ചത്.
ആറ് മത്സരങ്ങളില്‍ നിന്നും 11 പോയിന്‍റാണ് സംഘത്തിനുള്ളത്. ഈ മത്സരത്തില്‍ സമനില നേടിയാല്‍ പോലും ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗലിന് സെമിയുറപ്പിക്കാമായിരുന്നു. ആറ് മത്സരങ്ങളില്‍ നിന്നും 10 പോയിന്‍റോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് സംഘം ഫിനിഷ് ചെയ്‌തത്.
ഇതോടെ പോര്‍ച്ചുഗല്‍ ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി. സ്‌പെയിനെ കൂടാതെ ക്രൊയേഷ്യ, ഇറ്റലി, നെതര്‍ലന്‍ഡ് എന്നീ ടീമുകളാണ് അവസാന നാലില്‍ എത്തിയത്.
also read: ഇരട്ട ഗോളിൽ തിളങ്ങി റാഫീഞ്ഞ; ടുണീഷ്യയെ തകർത്തെറിഞ്ഞ് ബ്രസീൽ