ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയുടെ 2023-ലെ സമ്മേളനം മുംബൈയില്‍ നടത്താന്‍ നീക്കം. ഇക്കാര്യം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് നരീന്ദര്‍ ധ്രുവ് ബത്ര കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചർച്ച ചെയ്തു. അടുത്ത വർഷം നടക്കുന്ന ടോക്കിയൊ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ സംഘത്തിന്‍റെ തയ്യാറെടുപ്പുകളെ സംബന്ധിച്ച് അമിത് ഷായുമായി ചർച്ച നടത്താൻ എത്തിയതായിരുന്നു അദ്ദേഹം. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാചരണത്തിന്‍റെ ഭാഗമായി സമ്മേളനം സംഘടിപ്പിക്കാനാണ് നീക്കം നടക്കുന്നത്. സമ്മേളനം നടത്തുന്ന കാര്യം ഇപ്പോൾ അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പരിഗണനയിലാണ്. 2026-യൂത്ത് ഒളിമ്പിക്‌സിനുള്ള വേദിയായി മുംബൈയെ പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ സമ്മേളനത്തിന് പ്രാധാന്യം ഏറെയാണ്. നേരത്തെ ന്യൂഡല്‍ഹിയില്‍ സമ്മേളനം നടത്താന്‍ നീക്കം നടന്നെങ്കിലും സ്പോണ്‍സർമാരെ ലഭിക്കാത്തതിനാല്‍ മുംബൈയെ പരിഗണിക്കുകയായിരുന്നു.
ഫിറ്റ് ഇന്ത്യാ മൂവ്മെന്‍റും ടാർജറ്റ് ഒളിമ്പിക് പോഡിയം സ്ക്കീം പ്രോഗ്രാമും ഖേലോ ഇന്ത്യ യൂത്ത് ഗെയിംസും കൂടിക്കാഴ്ച്ചയില്‍ ചർച്ചവിഷയമായി.
2023-ല്‍ ഭുവനേശ്വറില്‍ നടക്കുന്ന ഹോക്കി ലോകകപ്പിനെ കുറിച്ചും ഇന്ത്യയിലെ ഹോക്കിയുടെ വികാസത്തെ കുറിച്ചും ആഭ്യന്തരമന്ത്രിയുമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് നരീന്ദര്‍ ധ്രുവ് ബത്ര ചർച്ച ചെയ്തു.